മഹദ് വചനങ്ങൾ
-
Jul 31,2021
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
യദാർത്ഥ തഖ്‌വ
മഹാനായ ഹസനുൽ ബസരി رحمة الله عليه പറയുകയുണ്ടായി...
ما زالت التقوى بالمتقين حتى تركوا كثيراً من الحلال مخافة الحرام
യഥാർത്ഥ മുത്തഖീങ്ങൾ, അവർ തഖ്‌വയെ ശരിയായ രൂപത്തിൽ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, ധാരാളം ഹലാലായ അഥവാ അനുവദിക്കപ്പെട്ട കാര്യങ്ങളെ ഉപേക്ഷിച്ചിരുന്നു. അത് ഹറാമാകുമോ എന്ന ഭയപ്പാട് കൊണ്ടായിരുന്നു അവർ അങ്ങനെ ചെയ്തിരുന്നത്.
ഇവിടെ ഹസനുൽ ബസ്വരി رحمة الله عليه പറയുന്നത്, ഹറാമാകുമോ എന്ന ഭയപ്പാടുള്ള വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ, അതിനെ ഉപേക്ഷിക്കുന്നിടത്താണ് യഥാർത്ഥ തഖ്‌വ നിലകൊള്ളുന്നത് എന്നാണ്...
ഇവിടെ ഒരിക്കലും അല്ലാഹു سبحانه وتعالى ഹലാലാക്കിയ ഒരു വിഷയത്തെ ഹറാമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയല്ല ഹസനുൽ ബസ്വരി رحمة الله عليه യും അതുപോലെയുള്ള പണ്ഡിതന്മാരും ഇപ്രകാരം പറഞ്ഞിട്ടുള്ളത്. മറിച്ച് റസൂൽ ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ അപ്രകാരം പറഞ്ഞിട്ടുള്ളത്. പ്രവാചകൻ ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ഹദീസിൽ നമുക്കിപ്രകാരം കാണാം. "അനുവദിക്കപ്പെട്ട കാര്യങ്ങൾ വ്യക്തമാണ്. നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളും വ്യക്തമാണ്. എന്നാൽ അവയ്ക്കിടയിൽ ഹറാമാണോ ഹലാലാണോ എന്ന് സംശയമുള്ള ധാരാളം ശുബുഹാത്തുകൾ അഥവാ അവ്യക്തതകളുളള വിഷയങ്ങളുണ്ട്. അത്തരം അവ്യക്തതകളുളള വിഷയങ്ങൾ ഹറാമാകുമോ എന്ന് ഭയപ്പെട്ടുകൊണ്ട് ഉപേക്ഷിക്കുന്നവനാണ് തന്റെ മതത്തെയും അഭിമാനത്തെയും സംരക്ഷിക്കുന്നത്. എന്നാൽ അത്തരം സംശയകരമായ കാര്യങ്ങൾ ചെയ്യുന്നവൻ ഹറാമിൽ ചെന്ന് പതിക്കുന്നതാണ്". പ്രവാചകന്റെ ഈ ഹദീസാണ് ഇതേപോലെയുള്ള വാക്കുകൾ പറയുവാനും ജീവിതത്തിൽ ഇത്തരം നിലപാടുകൾ സ്വീകരിക്കുവാനും സലഫു സ്വാലിഹീങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ട് സഹോദരങ്ങളെ, ഹറാമായ വിഷയങ്ങൾ പോലും ഹലാലാണ് എന്ന രൂപേണ, യാതൊരു ഭയപ്പാടുമില്ലാതെ ആളുകൾ യഥേഷ്ടം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ, തഖ്‌വയെ സംബന്ധിച്ച് ഹസനുൽ ബസ്വരി رحمة الله عليه ഹദീസിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുള്ള ഈ വാചകം ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വ്യത്യസ്ത രംഗങ്ങളിൽ ഹറാമാണോ ഹലാലാണോ എന്ന് നമുക്ക് വ്യക്തതയില്ലാത്ത വിഷയങ്ങളിൽ, അത് ഹറാമായേക്കാം എന്ന ഭയപ്പാടോടുകൂടി അത് ഉപേക്ഷിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ തഖ്‌വയുള്ള ആളുകളായിത്തീരുന്നത്. അല്ലാഹു سبحانه وتعالى നാം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ
جامع العلوم والحكم (ابن رجب الحنبلي)