ad

സംശയ നിവാരണം

സ്ത്രീകൾ സ്ത്രീകൾക്ക് ഇമാമായി നിൽക്കലും അതിന്റെ രൂപവും

❓ചോദ്യം:

                         ഒരു സ്ത്രീക്ക്  മറ്റു സ്ത്രീകള്‍ക്ക് ഇമാമായി നില്‍ക്കാമോ? നില്‍ക്കാമെങ്കില്‍ എവിടെയാണ് അവള്‍ നില്‍ക്കേണ്ടത്?

✅ഉത്തരം:

               അതേ, നില്‍ക്കാം. സ്ത്രീകള്‍ ഒരുമിച്ച് കൂടിയാല്‍ അവരില്‍ ഒരാള്‍ അവര്‍ക്ക് ഇമാമായി നില്‍ക്കല്‍ വളരെ നല്ലതാണ്. പ്രത്യേകിച്ചും അവള്‍ നല്ല അറിവുള്ള, ഖുര്‍ആന്‍ നന്നായി ഓതാന്‍ അറിയുന്നവള്‍ ആണെങ്കില്‍. നമസ്കാരത്തിന്‍റെ പരിപൂര്‍ണ്ണമായ രൂപവും അതിലെ പ്രവര്‍ത്തനങ്ങളും എങ്ങനെയാണെന്ന് മറ്റു സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അത് സഹായിക്കും. എന്നാല്‍ അവള്‍ നില്‍ക്കേണ്ടത് സ്വഫ്ഫിന്റെ മധ്യത്തിലാണ്‌. ( പുരുഷന്മാര്‍ ഇമാമായി നില്‍ക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നതുപോലെ അവള്‍ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പാടില്ല. സ്ത്രീകളുടെ മുന്നിലെ സ്വഫ്ഫിലെ മധ്യഭാഗത്താണ് അവള്‍ നില്‍ക്കേണ്ടത്). ആയിഷാ (റ) യും ഉമ്മു സലമ (റ) യും ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഇമാമായി നിന്നിട്ടുണ്ട്. ചുരുക്കത്തില്‍ സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ഇമാമായി നില്‍ക്കല്‍ നല്ലതാണ്. 

ഉമ്മു വറഖ (ام ورقة) (റ) യോട് അവരുടെ വീട്ടുകാര്‍ക്ക് ഇമാമായി നില്‍ക്കാന്‍ നബി(സ) കല്‍പിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. സാധിക്കുമെങ്കില്‍ വിദ്ധ്യാര്‍ത്ഥിനികള്‍ക്കോ അല്ലെങ്കില്‍ വീട്ടിലുള്ള പെണ്‍മക്കള്‍ ,മരുമക്കള്‍ എന്നിവര്‍ക്കോ ഖുര്‍ആന്‍ നന്നായി അറിയാവുന്ന സ്ത്രീകള്‍ ഇമാമായി നില്‍ക്കട്ടെ. അല്ലെങ്കില്‍ ഖുര്‍ആന്‍ നന്നായി അറിയാവുന്ന വിദ്ധ്യാര്‍ഥിനികളോ അല്ലാത്തവരോ നില്‍ക്കട്ടെ. അങ്ങനെ അവള്‍ അറിവും ഉള്‍കാഴ്ചയും ഉള്ളവളാണെങ്കില്‍ മറ്റുള്ളവര്‍ നമസ്കാരത്തിന്‍റെ സ്വിഫത്തും എങ്ങനെയാണ് ഇമാമായി നില്‍ക്കേണ്ടത് എന്നും അവളില്‍ നിന്ന് പഠിക്കട്ടെ.

-------------------------------

ഉത്തരം: ശൈഖ് ഇബ്നു ബാസ് (റ)

ആശയ വിവര്‍ത്തനം :

✒സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി