ad

സംശയ നിവാരണം

പ്രായപൂര്‍ത്തിയാവാത്ത ചെറിയ കുട്ടികള്‍ക്ക് ഇമാമായി നില്‍ക്കാമോ?

❓ചോദ്യം : ജമാഅത്ത് നഷ്ടപ്പെട്ട ഞാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ അവിടെ ഏകദേശം പത്ത് വയസ്സിനടുത്ത് പ്രായമുള്ള ചെറിയ കുട്ടികള്‍ ജമാഅത്തായി അവരുടെ അതേ പ്രായമുള്ള ഒരു കുട്ടിയെ ഇമാമായി നിര്‍ത്തി നമസ്കരിക്കുന്നത് കണ്ടു. എനിക്ക് അവരുടെ കൂടെ നമസ്കരിക്കാമോ ? 

 

✅ ഉത്തരം : അതെ, നമസ്കരിക്കാം. പത്തോ അതില്‍ കുറവോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ പ്രായമുള്ള കുട്ടികള്‍ക്ക് ഇമാമായി നില്‍ക്കാം. അംര്‍ ഇബ്നു സലമ എന്ന മഹാനായ സ്വഹാബി ഏഴു വയസ്സുള്ളപ്പോള്‍ ഇമാമായി നിന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. കാരണം അദ്ധേഹത്തിനു തന്റെ കൂടെയുള്ളവരേക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ അറിയാമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പത്തോ അല്ലെങ്കില്‍ എട്ടോ അല്ലെങ്കില്‍ പതിനൊന്നോ വയസ്സ് പ്രായമുള്ള കുട്ടികള്‍ ഇമാമായി നില്‍ക്കുന്നതില്‍ യാതോരു പ്രശ്നവുമില്ല. 

മതനിയമങ്ങള്‍ ബാധകമാവുന്ന പ്രായമാവുക (തക്ലീഫ്) എന്നത് ഇമാമത്തിന്റെ ശര്‍ത്വില്‍പ്പെട്ടതല്ല. നന്നായി നമസ്കരിക്കാന്‍ അറിയുക, നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ഇമാമായി നമസ്കരിക്കുമ്പോള്‍ അവരുടെ കൂടെ നമസ്കരിക്കണം. ചെറിയവരാണ് എന്ന് പറഞ്ഞ് നമസ്കരിക്കാതിരിക്കരുത്. അംര്‍ ഇബ്നു സലമ (റ) പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം. പ്രവാചകന്‍ (സ) പറഞ്ഞു: “നമസ്കാര സമയമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്ക് വിളിക്കുകയും കൂടുതല്‍ ഖുര്‍ആന്‍ അറിയുന്ന ഒരാള്‍ ഇമാമായി നില്‍ക്കുകയും ചെയ്യട്ടെ. അപ്പോള്‍ അവര്‍( അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍) നോക്കിയപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ അറിയുന്ന ആരേയും കണ്ടില്ല. അങ്ങനെ അവര്‍ എന്നെ ഇമാമായി നിര്‍ത്തി. അന്നെനിക്ക് ആറോ ഏഴോ വയസ്സായിരുന്നു.” 

“നിങ്ങളുടെ കുട്ടികള്‍ക്ക് ഏഴു വയസ്സായാല്‍ അവരോട് നമസ്കരിക്കാന്‍ കല്‍പിക്കണമെന്നും പത്തു വയസ്സായാല്‍ (അവര്‍ നമസ്കരിച്ചിട്ടില്ലെങ്കില്‍) അവരെ അടിക്കണമെന്നും” ഉള്ള പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ അംര്‍ ഇബ്നു സലമക്ക് അന്ന് ഏഴു വയസ്സായിരിക്കാനാണ് സാധ്യത. അപ്പോള്‍ ഇമാമായി നില്‍ക്കാനും അതുപോലെ നമസ്കരിക്കാനും വുളു എടുക്കാനും കുട്ടികളോട് കല്പിക്കുവാനുമുള്ള ഏറ്റവും ചുരുങ്ങിയ പ്രായം ഏഴു വയസ്സും അതിന്റെ മേലോട്ടുള്ള പ്രായവുമാണെന്ന് സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാം.

 

?ഉത്തരം നല്‍കിയത് :

ശൈഖ് ഇബ്നു ബാസ് (റ)

?ആശയ വിവര്‍ത്തനം :

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി