ലേഖനങ്ങൾ
-
Sep 26,2021
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
مَا شَاءَ الله ، بَارَكَ الله ، تَبَارَكَ الله : അർത്ഥവും ആശയവും
സത്യവിശ്വാസികൾ അവരുടെ നിത്യജീവിതത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ചില പദങ്ങളാണ് مَا شَاءَ الله ، بَارَكَ الله ، تَبَارَكَ الله എന്നിവ. എന്നാൽ അധികമാളുകളും ഈ പദങ്ങളുടെ അർത്ഥം, ആശയം, ഇവ ഏത് സന്ദർഭത്തിലാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് അറിയാത്തവരാണ്. അതുകൊണ്ടുതന്നെ പലരും ശരിയായ സന്ദർഭത്തിലോ യഥാസ്ഥാനത്തോ അല്ല ഇവ ഉപയോഗിക്കുന്നത്. مَا شَاءَ الله ، بَارَكَ الله ، تَبَارَكَ الله എന്നീ പദങ്ങളുടെ അർത്ഥം, ആശയം, ഉപയോഗിക്കേണ്ട സന്ദർഭം എന്നിവയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ പദങ്ങൾ സാധാരണ പറയാറുള്ളതുപോലെയുള്ള Good, Very Good എന്നൊക്കെയുള്ള ഭംഗി വാക്കുകൾക്ക് പകരമുള്ളതല്ലെന്ന് പ്രഥമമായി മനസ്സിലാക്കുക. അതിനൊക്കെ അറബിയിൽ മറ്റ് വാക്കുകളുണ്ട്. ഈ പദങ്ങളാകട്ടെ ശറഅിൽ പ്രത്യേകം പഠിപ്പിക്കപ്പെട്ടതാണ്.
مَا شَاءَ الله (മാഷാ അല്ലാഹ്)
مَا – شَاءَ – الله എന്നീ മൂന്ന് പദങ്ങളുടെ ഒരു പ്രസ്താവനയാണ് مَا شَاءَ الله (മാഷാ അല്ലാഹ്). مَا എന്നാൽ യാതൊന്ന്, شَاءَ എന്നാൽ ഉദ്ദേശിച്ചത്, الله എന്നാൽ അല്ലാഹു. “അല്ലാഹു ഉദ്ദേശിച്ച യാതൊന്ന് എന്നതാണ്” مَا شَاءَ الله യുടെ അർത്ഥം. അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ (مَا شَاءَ الله كَان) എന്നും പറയാം.
ما شاء الله كان وما لم يشأ لم يكن لا حول ولا قوة الا بالله (അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ല, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല) എന്നാണ് مَا شَاءَ الله യുടെ ആശയം.
مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.
ഒരു വ്യക്തിക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുകയും ഇതൊക്കെ എന്റെ അറിവും കഴിവും യോഗ്യതയും കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചതാണെന്നോ അല്ലെങ്കിൽ അല്ലാഹു എന്നെ ആദരിച്ചതാണെന്നോ ഒക്കെയുള്ള നന്ദികേടിന്റെ ചിന്ത ഉണ്ടാകുമ്പോൾ അല്ലാഹുവിനെ ഓർക്കാൻ വേണ്ടിയും ഇതൊക്കെ അല്ലാഹു നൽകിയതാണെന്ന തിരിച്ചറിവ് ലഭിക്കാൻ വേണ്ടിയും അയാളോട് പറയുന്ന പ്രസ്താവനയാണ് مَا شَاءَ الله. ഇങ്ങനെ പറയുന്നതിന് അയാളെ ഓർമ്മിപ്പിക്കുകയും ചെയ്യാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ അല്ലാഹു ഉദ്ദേശിച്ചതാണിത്, അല്ലാഹു ഉദ്ദേശിച്ചതേ നടക്കുകയുള്ളൂ എന്നൊക്കെയാണ് ഇതിലൂടെ പ്രസ്താവിക്കുന്നത്.
വിശുദ്ധ ഖുർആനിൽ സൂറത്തുല്‍ കഹ്ഫ് 32-44 വചനങ്ങളിൽ രണ്ട് തോട്ടക്കാരുടെ സംഭവം വിവരിക്കുന്നുണ്ട്. അതിലൊരാൾക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിരുന്നു. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങള്‍ അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹങ്ങളില്‍ പെട്ടതായിരുന്നു. പക്ഷെ, അയാള്‍ എല്ലാം മറന്ന് അഹങ്കരിച്ചു. അഹങ്കാരത്തോടെയാണ് അവന്‍ തന്റെ തോട്ടങ്ങളില്‍ പ്രവേശിച്ചിരുന്നത്. ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്നോ അന്ത്യസമയം നിലവില്‍ വരുമെന്നോ ഞാന്‍ വിചാരിക്കുന്നില്ലെന്നും ഇനി അല്ലാഹുവിലേക്ക് മടക്കപ്പെടുകയാണെങ്കിൽതന്നെയും ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും അവൻ വീമ്പ് പറഞ്ഞു. പക്ഷെ, അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അര്‍ഹമായ ഫലം നല്‍കി. അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടെ നശിപ്പിച്ചു. ഈ സന്ദർഭത്തിൽ അവന്റെ സത്യവിശ്വാസിയായ കൂട്ടുകാരൻ അവനോട് സംസാരിക്കുന്ന സന്ദർഭം വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا
നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ (ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല) എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍. (ഖുര്‍ആന്‍:18/39)
وهلا إذ دخلت بستانك، فأعجبك ما رأيت منه، قلت ما شاء الله كان
നീ നിന്റെ തോട്ടത്തിൽ പ്രവേശിച്ചപ്പോൽ കണ്ട കാര്യത്തിൽ നിനക്ക് അൽഭുതം തോന്നിയെങ്കിൽ مَا شَاءَ الله كَان (അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ നടപ്പിൽ വരികയുള്ളൂ) എന്ന് നിനക്ക് പറഞ്ഞു കൂടായിരുന്നോ. (തഫ്സീറുത്ത്വബ്’രി)
مَا شَاءَ الله വിശദീകരിച്ചുകൊണ്ടുള്ള മറ്റ് തഫ്സീറുകൾ കൂടു കാണുക:
أي ما شاء الله كان ، وما لا يشاء لا يكون . لا قوة إلا بالله أي ما اجتمع لك من المال فهو بقدرة الله – تعالى – وقوته لا بقدرتك وقوتك ، ولو شاء لنزع البركة منه فلم يجتمع .
അതായത്: അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ല, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല. നിനക്ക് ലഭിച്ച സമ്പത്തും സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ കഴിവ് കൊണ്ട് ലഭിച്ചതാണ്. എന്റെ കഴിവ് കൊണ്ടോ നിന്റെ കഴിവ് കൊണ്ടോ ലഭിച്ചതല്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിൽ നിന്ന് ബറകത്ത് നീക്കി കളയുമായിരുന്നു. നിനക്കത് ഒരുമിച്ച് കൂട്ടാൻ കഴിയുമായിരുന്നില്ല. (തഫ്സീറുൽ ക്വുർത്തുബി)
أي : هلا إذا أعجبتك حين دخلتها ونظرت إليها حمدت الله على ما أنعم به عليك ، وأعطاك من المال والولد ما لم يعطه غيرك ، وقلت : ( ما شاء الله لا قوة إلا بالله ) ؛ ولهذا قال بعض السلف : من أعجبه شيء من حاله أو ماله أو ولده أو ماله ، فليقل : ( ما شاء الله لا قوة إلا بالله ) وهذا مأخوذ من هذه الآية الكريمة .
നീ നിന്റെ തോട്ടത്തിൽ പ്രവേശിച്ചപ്പോൽ അവിടെ കണ്ട കാര്യത്തിൽ നിനക്ക് അൽഭുതം തോന്നിയെങ്കിൽ മറ്റാർക്കും നൽകാത്ത സമ്പത്തും സന്താനങ്ങളും അല്ലാഹു നിനക്ക് നൽകി നിന്നെ അനുഗ്രഹിച്ചപ്പോൾ നിനക്ക് അവനെ സ്തുതിച്ച് കൂടായിരുന്നോ. നിനക്ക് ما شاء الله لا قوة إلا بالله എന്ന് പറഞ്ഞു കൂടായിരുന്നോ. അതുകൊണ്ടാണ് സലഫുകളിൽ പെട്ട പലരും ഇങ്ങനെ പറഞ്ഞിട്ടുള്ളത്. ആർക്കെങ്കിലും തന്റെ ജീവിതത്തിൽ തന്റെ അവസ്ഥ, തന്റെ സമ്പത്ത്, തന്റെ സന്താനങ്ങൾ, ഇതൊക്കെ അൽഭുതപ്പെടുത്തുന്നുവെങ്കിൽ ما شاء الله لا قوة إلا بالله എന്ന് പറയട്ടെ. ഈ ആയത്തിൽ അവർ തെളിവായി പിടിച്ചതാണത്. (തഫ്സീർ ഇബ്നുകസീർ)
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്ന ഒരാളുടെ മുമ്പിൽ ഇത് പറയാമെന്ന് സൂചിപ്പിച്ചല്ലോ. നാം തന്നെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നോയെന്ന് സംശയം തോന്നിയാൽ ഇത് പറയാവുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓർമ്മിക്കുകയെന്നത് വലിയ കാര്യമാണ്. സുലൈമാൻ നബി(അ), ദുൽഖർനൈൻ എന്നിവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓർത്തപ്പോൾ ഖാറൂൻ അത് മറന്നവനാണ്.
فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ
അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്. (ഖുര്‍ആന്‍:27/40)
قَالَ هَٰذَا رَحْمَةٌ مِّن رَّبِّى
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ.(ഖുര്‍ആന്‍:18/98)
قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ
ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. (ഖുര്‍ആന്‍:28/78)
നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും നന്ദികേട് തോന്നുന്നതായി ഭയപ്പെടുന്നുവെങ്കിൽ നമുക്ക് തന്നെയും ഇത് പറയാവുന്നതാണ്.
تَبَارَكَ الله (തബാറകല്ലാഹ്)
تَبَارَكَ എന്നാൽ അനുഗ്രഹങ്ങളുടെ ഉടമയായി തീരുക, അനുഗ്രഹപൂര്‍ണ്ണനായിരിക്കുക എന്നാണർത്ഥം. മഹത്വത്തെയും ഔന്നിത്യത്തെയും നൻമയുടെ സമ്പൂർണ്ണതയെയും കുറിക്കുന്ന ഒരു വാക്കാണ് ഇത്. تَبَارَكَ الله എന്നാൽ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു എന്നാണർത്ഥം. ഇതും ഒരു പ്രസ്താവനയാണ്.
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴿ ١٢﴾ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴿ ١٣﴾ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴿١٤
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (12) പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. (13) പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആന്‍:23/12-14)
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആന്‍:40/64)
അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന്റെ വിസ്മയങ്ങളും വൈവിധ്യങ്ങളും കാണുമ്പോൾ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കാണുമ്പോൾ بَارَكَ الله (തബാറകല്ലാഹ്) എന്ന് പറയാം. അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ് ഇതിലൂടെ ചെയ്യുന്നത്.
بَارَكَ الله (ബാറകല്ലാഹ്)
بَارَكَ എന്നാൽ നൻമയുടെ വർദ്ധനവ് എന്നാണർത്ഥം.بَارَكَ الله എന്നാൽ അല്ലാഹു അനുഗ്രഹം വർദ്ധിപ്പിച്ച് നൽകട്ടെ എന്നാണ്. ഇതൊരു പ്രാർത്ഥനയാണ്.
عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، قَالَ مَرَّ عَامِرُ بْنُ رَبِيعَةَ بِسَهْلِ بْنِ حُنَيْفٍ وَهُوَ يَغْتَسِلُ فَقَالَ لَمْ أَرَ كَالْيَوْمِ وَلاَ جِلْدَ مُخَبَّأَةٍ . فَمَا لَبِثَ أَنْ لُبِطَ بِهِ فَأُتِيَ بِهِ النَّبِيَّ ـ صلى الله عليه وسلم ـ فَقِيلَ لَهُ أَدْرِكْ سَهْلاً صَرِيعًا . قَالَ ” مَنْ تَتَّهِمُونَ بِهِ ” . قَالُوا عَامِرَ بْنَ رَبِيعَةَ . قَالَ ” عَلاَمَ يَقْتُلُ أَحَدُكُمْ أَخَاهُ إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ مَا يُعْجِبُهُ فَلْيَدْعُ لَهُ بِالْبَرَكَةِ ”
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ സഹ്‌ലുബ്‌നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ (കുപ്പായമഴിച്ച്) കുളിച്ചുകൊണ്ടിരിക്കെ ആമിറുബ്‌നു റബീഅത്ത് رَضِيَ اللَّهُ عَنْهُ സഹ്‌ലിനടുത്ത് കൂടെ കടന്നുപോയി. സഹ്‌ല്‍ വെളുത്ത് സുന്ദരനായിരുന്നു.(സഹ്‌ലിനെ കണ്ടപ്പോള്‍) ആമി൪ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഇന്നത്തെപ്പോലെ ഒരു ദിവസം ഞാന്‍ കണ്ടിട്ടില്ല. ഇതുപോലൊരു കന്യകയുടെ തൊലിയും. . അപ്പോള്‍ തന്നെ സഹ്ല്‍ തള൪ന്നു മറിഞ്ഞുവീണു. അദ്ദേഹത്തെ (താങ്ങിയെടുത്ത്) നബി ﷺ യുടെ അടുക്കല്‍ കൊണ്ടു വരപ്പെട്ടു. നബി ﷺ പറയപ്പെട്ടു: സഹ്ല്‍ ഇതാ ബോധമറ്റവനായി കാണപ്പെടുന്നു. നബി ﷺ ചോദിച്ചു: നിങ്ങള്‍ ആരെയെങ്കിലും സംശയിക്കുന്നുണ്ടോ? അവ൪ പറഞ്ഞു: അതെ, ആമിറുബ്‌നു റബീഅയെ. അപ്പോള്‍ നബി ﷺ അദ്ദേഹത്തെ വിളിപ്പിച്ച് ദേഷ്യത്തോടെ പറഞ്ഞു: എന്തിന് വേണ്ടിയാണ് നിങ്ങളിലൊരുവന്‍ തന്റെ സഹോദരനെ കൊല്ലാന്‍ ഒരുമ്പെടുന്നത്? നിങ്ങളിലൊരാള്‍ തന്റെ സഹോദരനില്‍ നിന്നും തനിക്ക് കൌതുകം തോന്നുന്ന വല്ലതും കണ്ടാല്‍ അപ്പോള്‍ അവന് ബ൪ക്കത്തിന് (അഭിവൃദ്ധിക്ക്) വേണ്ടി ദുആ ചെയ്യട്ടെ. (ഇബ്നുമാജ : 3509 – സില്‍സ്വിലത്തു സ്വഹീഹ : 2572 – ഇബ്നുമാജ : 2828)
മറ്റൊരു റിപ്പോർട്ടിലുള്ളത് ഇപ്രകാരമാണ്:
إذا رأى أحدكم من نفسه أوماله أو أخيه ما يحب فليبرك؛ فإن العين حق
നിങ്ങളിലൊരാള്‍ സ്വന്തം ശരീരത്തിലോ സമ്പത്തിലോ സഹോദരനിലോ തനിക്ക് ഇഷ്ടം തോന്നുന്ന വല്ലതും കണ്ടാല്‍ അപ്പോള്‍ അവന് ബ൪ക്കത്തിന് (അഭിവൃദ്ധിക്ക്) വേണ്ടി ദുആ ചെയ്യട്ടെ. കാരണം കണ്ണറ് സത്യമാണ്.
കണ്ണേർ തട്ടാതിരിക്കാനുള്ള പ്രാർത്ഥനയാണ് بَارَكَ الله. സ്വന്തം നിലക്കും മറ്റുള്ളവരിലും അൽഭുതകരമായതും ആശ്ചര്യകരമായതുമായ കാര്യങ്ങൾ അല്ലെങ്കിൽ എന്തെങ്കിൽ ഇഷ്ടപ്പെട്ടത് കാണുമ്പോൾ بَارَكَ الله എന്ന് പറയണം. നാം ആരിൽ നിന്നെങ്കിലും കണ്ണേറ് ഭയപ്പെടുന്നുവെങ്കിലും ഇത് പറയണം.
ഒരാള്‍ തന്റെ സഹോദരനില്‍ വല്ല നന്മയോ ഗുണകരമായതോ കാണുന്ന സന്ദര്‍ഭത്തില്‍ ആശ്ചര്യത്തോടെയോ അസൂയയോടെയോ നോക്കുമ്പോള്‍ ആ വ്യക്തിയില്‍ അല്ലാഹു ഉദ്ദേശിക്കുകാണെങ്കില്‍ മാത്രം ചില ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതിനെയാണ് കണ്ണേറ് എന്നു പറയുന്നത്. അല്ലാഹുവിന്റെ വിധി ഒത്തു വന്നാല്‍ മറ്റ് കാര്യങ്ങളെ പോലെ തന്നെ കണ്ണേറും ഫലിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഒരു സത്യവിശ്വാസി بَارَكَ الله (ബാറകല്ലാഹ്) എന്ന് ആത്മാർത്ഥമായി പറയണം.ഇത് അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നിലനിർനിർത്തി തരട്ടെ, അല്ലെങ്കിൽ അല്ലാഹു വർദ്ധിപ്പിച്ച് തരട്ടെ എന്നാണ് ഇതിലൂടെ പ്രാർത്ഥിക്കുന്നത്. അതുവഴി നമ്മിൽ നിന്നും അസൂയയെന്ന ദുർഗുണം ഇല്ലാതാകുന്നു. സഹോദരനാകട്ടെ കണ്ണേറ് തട്ടാതിരിക്കുകയും ചെയ്യുന്നു.
مَا شَاءَ الله , بَارَكَ الله എന്നിവ ഒരേ സമയം പറയാം. രണ്ടിന്റെയും ലക്ഷ്യം രണ്ടായിരിക്കണമെന്ന് മാത്രം.
കണ്ണേറ് തട്ടാതിരിക്കാൻ مَا شَآءَ ٱللَّهُ എന്നോ تَبَارَكَ الله എന്നോ പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. بَارَكَ الله (ബാറകല്ലാഹ്) എന്നുതന്നെ പറയണം. പണ്ഢിതൻമാർ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.