ad

മതങ്ങൾ ദർശനങ്ങൾ

ഇസ്‌ലാമിന്റെ സമഗ്രത


മതം എന്താണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ചില മതങ്ങൾ അല്ലെങ്കിൽ ദർശനങ്ങൾ വിശ്വാസ മേഖലയിൽ മാത്രം ഒതുങ്ങുകയും സാമൂഹിക സാംസ്കാരിക രംഗത്ത് ഇടപെടേണ്ടതിനെ സംബന്ധിച്ച് ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. വേറെ ചില മതങ്ങൾ അല്ലെങ്കിൽ ദർശനങ്ങൾ അവർ സാമൂഹിക മേഖലയെ മാത്രം പരിഗണിക്കുകയും വിശ്വാസ മേഖലയെ തള്ളുകയും ചെയ്യുന്നത് കാണാൻ സാധിക്കും. ഇനി ഇത് രണ്ടും പരിഗണിക്കപെട്ടാൽ പോലും സ്വഭാവ - സാംസ്കാരിക മേഖലയെ അവഗണിച്ചുകൊണ്ട് ദർശനങ്ങളും  ചില മതങ്ങളും  മുന്നോട്ടു പോകുന്നത് കാണാൻ സാധിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി സമഗ്രവും സമ്പൂർണവുമായ ഒരു കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ മുന്നോട്ടുവയ്ക്കുന്ന ആശയവും ഏറെ ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ ഖുർആൻ നൽകുന്ന പാഠം എന്താണ് എന്ന് നമുക്ക് പരിശുദ്ധ ഖുർആനിലെ 2 ആം അദ്ധ്യായം 177 ആം  വചനത്തിലൂടെ മനസ്സിലാക്കാം. 

 “നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും നേര്‍ക്ക് [കിഴക്കോട്ടും പടിഞ്ഞാറോട്ടും] തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാന്‍ എന്നാല്‍ യാതൊരുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും അവന്‍ വിശ്വസിച്ചു; ധനം - അതിനോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവര്‍ക്കും , അനാഥ ( കുട്ടി ) കള്‍ക്കും , അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും അടിമ കളുടെ വിഷയത്തിലും അവന്‍ കൊടുക്കുകയും ചെയ്തു; നമസ്കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാര്‍ ചെയ്താല്‍, തങ്ങളുടെ കരാര്‍ നിറവേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്‍റെ അവസരത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞവര്‍, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മതയുള്ള [ഭയഭക്തരായുള്ള]വരും.” (2:177)
 
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുക എന്നതിലല്ല പുണ്യമുള്ളത്. പിന്നെ എവിടെയാണ്? ഒരു മനുഷ്യൻ അവന്റെ ആത്മീയ ലോകത്ത് വിശ്വസിക്കേണ്ട  മർമപ്രധാനമായ വിശ്വാസകാര്യങ്ങൾ എണ്ണപ്പറഞ്ഞുകൊണ്ട് വിശുദ്ധ വേദഗ്രന്ഥം പറയുന്നു. “ശരിയായ ദൈവവിശ്വാസം٫ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിൽ ഉള്ള വിശ്വാസം, പ്രവാചകന്മാരിലും മാലാഖമാരിലും എല്ലാം ഉള്ള വിശ്വാസം”; പുണ്യമെന്നത് ഈ ഒരു വിശ്വാസമാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

എന്നാൽ ഈ വിശ്വാസത്തിൽ മാത്രം ഒതുങ്ങതാണോ പുണ്യം. അല്ല വീണ്ടും അല്ലാഹു പറയുന്നു. മേല്‍പറഞ്ഞ വിശ്വാസത്തിൻറെ കൂടെ തങ്ങളുടെ സ്വത്തുക്കൾ, അതിനോട് ഏറെ ഇഷ്ടം ഉണ്ടായിട്ടും (സ്വത്തിനോട് ഇഷ്ടമില്ലാത്ത ആരെയും നമുക്ക് കാണാൻ കഴിയില്ല) കുടുംബ ബന്ധം ഉള്ളവര്‍ക്കും അനാഥകൾക്കും പാവങ്ങള്‍ക്കും നൽകുന്നു. അടിമ മോചനത്തിനും ചോദിച്ചു വരുന്നവര്‍ക്കും വഴിപോക്കൻമാരായ ആളുകൾക്കും നൽകുന്നു. എന്നുപറഞ്ഞാൽ അവശതയും പ്രയാസമനുഭവിക്കുന്ന, സമൂഹത്തില്‍ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ സാമ്പത്തികമായി സഹായിച്ചു അവർക്ക് ഒരു കൈത്താങ്ങായി നിന്നുകൊണ്ട് അവർക്ക് സമാധാനം നൽകുകയും ചെയ്യുക എന്നതും പുണ്യമാണെന്ന് ഈ വേദഗ്രന്ഥം പഠിപ്പിക്കുന്നു. അതോടൊപ്പം തന്നെ നമസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുന്നവര്‍ കൂടിയാണ്  പുണ്യവാന്മാര്‍ എന്ന് ഖുര്‍ആന്‍ പറയുന്നു. 

നമസ്കാരം നിലനിർത്തുക എന്നുപറഞ്ഞാൽ സൃഷ്ടാവായ നാഥനോടുള്ള ബാധ്യതയാണ്. അഞ്ച് നേരവും ആ സ്രഷ്ടാവായ നാഥന് നൽകേണ്ടുന്ന ഏറ്റവും മഹനീയമായ ഇബാദത്ത് നിര്‍വഹിക്കുക. എന്നാൽ സൃഷ്ടികൾ സ്രഷ്ടാവിനോടുള്ള ബന്ധം മാത്രം പുലർത്തിയാൽ മതിയോ? പോരാ ഉടനെതന്നെ അടുത്ത കാര്യം പറഞ്ഞു. സക്കാത്ത് നൽകണം. അത് സമൂഹത്തോടുള്ള ബാധ്യതയാണ്. അപ്പോൾ ഒരേ സമയം സൃഷ്ടിയും സ്രഷ്ടാവും തമ്മിലും സൃഷ്ടിയും തന്റെ കൂടെയുള്ള മറ്റു സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുക എന്നതിലാണ് പുണ്യം എന്ന് ഇസ്‌ലാം പഠിപ്പിക്കുകയാണ്.

പിന്നീട് സാംസ്കാരികരംഗത്ത് ശ്രദ്ധിക്കേണ്ട സുപ്രധാനമായ മറ്റൊരു വിഷയം പറയുന്നു. എന്തൊരു കരാർ നടത്തിയാലും ആ കരാറു പാലിക്കണം. സത്യസന്ധത എന്നത് പ്രധാനപ്പെട്ടതാണ്. സാമൂഹിക ജീവിതത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയം കരാർ പാലനവും സത്യം പറയലുമാണ്. അതിന്റെ അഭാവമാണ് ലോകത്ത് കാണപ്പെടുന്ന ഒട്ടനവധി പ്രതിസന്ധികൾക്കുള്ള കാരണം. കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ ,രോഗങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടാവുന്ന സന്ദർഭങ്ങളില്‍, യുദ്ധ ഘട്ടങ്ങളില്‍ എല്ലാം തന്നെ അങ്ങേയറ്റം ക്ഷമ അവലംബിക്കുന്ന ആളുകളും പുണ്യവാന്മാര്‍ തന്നെ. മതത്തെ ഇപ്രകാരം സമഗ്രമായി ഉള്‍ക്കൊണ്ട പുണ്യവാന്മാരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് അവരാണ് സത്യസന്ധര്‍ എന്നും ധര്‍മിഷ്ടര്‍ എന്നുമാണ്.

മതത്തെ സംബന്ധിച്ചുള്ള സമ്പൂർണമായ ഒരു കാഴ്ചപ്പാട് ഈ വചനം മുന്നോട്ടുവെക്കുന്നുണ്ട്. കേവലം ചില വിശ്വാസങ്ങൾ അല്ല മറിച്ച് വിശ്വാസ രംഗവും അതിനപ്പുറത്ത് സമൂഹത്തിന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞു കൊണ്ട് അവരെ സഹായിക്കലും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലും സൃഷ്ടികളും സൃഷ്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലും കരാർ പാലിക്കലും അതോടൊപ്പം പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമ അവലംബിക്കലും തുടങ്ങിയുള്ള നന്മകളെല്ലാം ചെയ്യുന്നവനാണ് യഥാർത്ഥ മതവിശ്വാസി എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഈ ഒരു തത്വം നാം ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ .