തസ്‌കിയത്
-
Oct 27,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
ഏറെ പൊറുക്കുന്ന അല്ലാഹു
മനുഷ്യർ എന്ന നിലക്ക് നമ്മുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം തന്നെ അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചേക്കാം. ചിലർക്ക് ചെറിയ ചെറിയ പാപങ്ങളാണ് സംഭവിക്കുന്നതെങ്കിൽ വെറേ ചിലയാളുകൾ ഗുരുതരമായ വലിയ പാപങ്ങൾ ചെയ്തു പോയവരാണ്. ഈ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടണം എന്ന് നാം ആഗ്രഹിക്കാറുണ്ട്. പക്ഷേ പലയാളുകളെയും വേട്ടയാടുന്ന ചില ചിന്തകളുണ്ട്. ‘ഇത്രയൊക്കെ തെറ്റ് ചെയ്ത ഞാൻ പാപമോചനത്തിനർഹനാണോ? ഞാൻ അറിഞ്ഞ് കൊണ്ടല്ലേ പലപ്പോഴും പല തെറ്റുകളും ചെയ്തത്. എന്റെ റബ്ബ് എനിക്ക് പൊറുത്ത് തരുമോ? അല്ലെങ്കിൽ പൊറുത്ത് തരാൻ മാത്രം നിസ്സാരമായ തെറ്റല്ലല്ലോ ഞാൻ ചെയ്തത്, വലിയ കുറ്റമല്ലേ ഞാൻ ചെയ്തത്, അത് എനിക്ക് എന്റെ റബ്ബ് പൊറുത്ത് തരാൻ സാധ്യതയുണ്ടോ? അല്ലെങ്കിൽ ഞാൻ ഒരുപാട് ഒരുപാട് തെറ്റുകൾ ചെയ്തു പോയി. അതുകൊണ്ട് ഇനി എനിക്ക് പാപമോചനത്തിനുള്ള അവസരം ഇല്ല’.
ഇങ്ങനെ നന്നാവണം എന്ന് ആഗ്രഹിച്ചിട്ടും തന്റെ പാപങ്ങൾ കാരണം ഒരു പാട് വിഷമത്തിൽ കഴിയുന്ന ആളുകളെ കാണാൻ സാധിക്കും. ഇത്തരം ചിന്തകള്‍ കൊണ്ട്പ്രയാസപ്പെടുന്ന ആളുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വചനമാണ് താഴെ നാം കാണുന്നത്.
“സ്വന്തം ദേഹത്തോട് ധാരാളമായി തെറ്റുകൾ ചെയ്തു പോയ എന്റെ അടിമകളെ, അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങളാരും നിരാശരാകരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാകുന്നു. തീർച്ചയായും അവൻ ഏറെ പാപങ്ങൾ പൊറുക്കുന്നവനും കാരുണ്യവാനും ആകുന്നു (39:53)”
എത്ര മഹത്തരമായ വചനമാണ് ഈ ഒരു വചനം എന്ന് നോക്കുക. എണ്ണമറ്റ കുറ്റങ്ങൾ ചെയ്ത ആളുകളാണെങ്കിലും അല്ലാഹു അവരെ വിളിക്കുന്നത് എന്റെ അടിമകളെ എന്നാണ്. എന്നിട്ടവരോട് പറയുന്ന വാചകം അതിനേക്കാൾ മഹത്തരമാണ്. നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ടു നിരാശരാകരുത് എന്നതാണത്. ഏറെ ആശ്വാസം നൽകുന്ന ഒരു വാചകമാണിത്. പാപങ്ങളുടെ ആധിക്യത്താല്‍ നിരാശയിൽ കഴിയുന്ന ആളുകൾക്ക് ഇതിനെക്കാൾ വലിയ ആശ്വാസം എന്താണുള്ളത്. തുടര്‍ന്ന് പറയുന്ന വാക്കുകളും ആശ്വാസ ദായകം തന്നെ. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാകുന്നു എന്ന വാക്യമാണത്.
നമുക്കറിയാം അല്ലാഹുവിൽ പങ്കു ചേർക്കുക എന്നതാണ് ഏറ്റവും വലിയ കുറ്റം. പക്ഷേ അങ്ങനെയാണെങ്കിൽ പോലും ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നവർക്ക് ആ പാപവും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.
ഒരു ചരിത്ര ശകലം ശ്രദ്ധിക്കുക. ‘അംര്‍ ബിന്‍ ആസ്(റ)’. അദ്ദേഹത്തിന് ഇസ്‌ലാം സ്വീകരിക്കാൻ ഇഷ്ടമില്ലായിരുന്നു. തൗഹീദിനോട് വെറുപ്പായിരുന്നു. മുഹമ്മദ് നബി(സ) യോടും അദ്ദേഹത്തിനു വെറുപ്പായിരുന്നു. പക്ഷേ പിന്നീട് ഇസ്‌ലാമിന്റെ നന്മയും പുണ്യവും അദ്ദേഹം മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ഇസ്‌ലാം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി. എന്നാല്‍ താൻ ജാഹിലിയ്യ കാലഘട്ടത്തിൽ ചെയ്തുപോയ വലിയ വലിയ പാപങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അദ്ദേഹം പ്രവാചകന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു. പ്രവാചകരെ എനിക്ക് ഇസ്‌ലാം സ്വീകരിക്കണം. പക്ഷേ എനിക്ക് ഒരു വ്യവസ്ഥ വെക്കനുണ്ട്. പ്രവാചകൻ (സ) ദയാപൂർവ്വം ചോദിച്ചു. എന്താണ് താങ്കളുടെ കണ്ടീഷൻ? അദ്ദേഹം പറഞ്ഞു. എനിക്ക് കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടണം. എന്റെ റബ്ബ് എനിക്ക് അത് പൊറുത്തു തരണം. എങ്കിൽ ഞാൻ ഇസ്‌ലാം സ്വീകരിക്കാം. പ്രവാചകൻ പുഞ്ചിരിതൂകി കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: “ഒരാൾ ഇസ്ലാം സ്വീകരിക്കുന്നതോടു കൂടി അയാളുടെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും എന്ന് താങ്കൾക്ക് അറിയില്ലേ? സന്തോഷവാനായ അംര്‍ ബിന്‍ ആസ് (റ) പറയുകയാണ്. അന്നുമുതൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വക്തി പ്രവാചകനായിമാറി.
നോക്കൂ! പാപങ്ങൾ പൊറുക്കപ്പെടും എന്ന സന്തോഷവാർത്ത അദ്ദേഹത്തെ എത്രമാത്രം ആഹ്ലാദമുള്ളവനാക്കിയെന്നു? പ്രിയ സഹോദരങ്ങളെ നമ്മുടെ നാഥൻ ഏറെ കാരുണ്യവാനാണ്, പാപങ്ങൾ പൊറുക്കുന്നവനാണ്. നാം എത്ര വലിയ തെറ്റുകൾ ചെയ്താലും, എത്രയധികം തെറ്റുകൾ ചെയ്താലും അവനോട് ഏറ്റുപറയുക. അവൻ പൊറുത്തു തരും.
“യാതൊരു കൂട്ടരും (സ്വര്‍ഗ്ഗത്തിലാണ്): തങ്ങള്‍ വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്; അല്ലാഹു അല്ലാതെ പാപങ്ങളെ ആര്‍ പൊറുക്കും? (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞു കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല.” (3:135) സർവ്വശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ.