ad

ലേഖനങ്ങൾ

അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?


രാത്രിയിലുടനീളം നിന്നു കൊണ്ടും സുജൂദിൽ വീണു കൊണ്ടും വിനയാന്വിതനായി അല്ലാഹുവിന്റെ  മുമ്പിൽ നമസ്കരിക്കുന്ന ഒരാൾ. അയാൾ പരലോകത്തെ ഭയപ്പെടുന്നു. അതിനെക്കുറിച്ച് അയാൾ ജാഗ്രതയിലാണ്. അത്യുദാരനായ  നാഥന്റെ കാരുണ്യത്തെ   അയാൾ പ്രതീക്ഷിക്കുകയുമാണ്. ഈ രണ്ടു വികാരങ്ങൾ കൊണ്ട് രാത്രിയിൽ നമസ്കാരം നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒരു അടിമ. ഇങ്ങനെ ഒരു അടിമയെ സംബന്ധിച്ച് പറഞ്ഞതിനുശേഷം  അള്ളാഹു ചോദിക്കുന്ന സുപ്രധാനമായ ഒരു ചോദ്യം ഖുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം.

“നബിയെ (മനുഷ്യരോട്) ചോദിക്കുക. അറിവുള്ളവരും അറിവില്ലാത്തവരും ഒരുപോലെയാണോ?” (39:9)
ഇതാണ് ചോദ്യം. വളരെ അർത്ഥവത്തായ ഒരു ചോദ്യമാണിത്. അറിവുള്ളവനും അറിവില്ലാത്തവനും സമമാവുകയില്ലാ എന്ന് ജാതിമതഭേദമന്യേ എല്ലാ മനുഷ്യരും ഒരേ സ്വരത്തിൽ പറയും. അതിനുശേഷം അല്ലാഹു പറയുന്നു. “ബുദ്ധിയുള്ള ആളുകൾ മാത്രമാണ് ആലോചിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത്” എന്ന്.  

അതേ, തന്റെ ബുദ്ധിശക്തിയെ  ഉപയോഗിക്കുന്നവൻ മാത്രമാണ്  ശരിയായ  അറിവ് നേടി മുന്നോട്ടുപോകുന്നത്.  മനുഷ്യബുദ്ധിയുടെ അടയാളം അറിവ് നേടുക എന്നതാണ്. അറിവ് നേടാൻ താൽപര്യം കാണിക്കാത്തവൻ തന്റെ  ബുദ്ധിശക്തിയെ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്താത്തവൻ ആണ്.. അതുകൊണ്ടുതന്നെ പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ മനുഷ്യനോട് അവന്റെ ബുദ്ധിയെ ഉപയോഗപ്പെടുത്തുവാൻ പറയുന്നത് നമുക്ക് കാണുവാൻ സാധിക്കും. ബുദ്ധിയുള്ള ആളുകളാണ് കാര്യങ്ങൾ ആലോചിച്ച് പഠിച്ചു മനസ്സിലാക്കുന്നത് എന്നത് ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ്. 

അറിവുള്ളവരും അറിവില്ലാത്തവരും ഒരുപോലെയാണോ എന്ന ചോദ്യം നമ്മുടെ മനസ്സുകളിലേക്ക് ആണ്ടിറങ്ങണം. അറിവുള്ളവൻ ഏറെ മഹത്വം ഉള്ളവനാണ്. യഥാർത്ഥത്തിൽ ശരിയായ മനുഷ്യന്റെ ധർമ്മം നിർവഹിക്കുന്നത് അറിവുള്ളവര്‍ മാത്രമാണ്. “നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ പഠിക്കുന്നില്ലേ? നിങ്ങള്‍ ആലോചിക്കുന്നില്ലേ? എന്നിങ്ങനെ ആവര്‍ത്തിച്ച് കൊണ്ടുള്ള ചോദ്യം അറിവിന്‌ ഇസ്‌ലാം നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ആരാധനക്കർഹൻ  അല്ലാഹു അല്ലാതെ മറ്റാരും ഇല്ലാ എന്ന സന്ദേശം പോലും കേവലം നാവുകൊണ്ട് ഉച്ചരിക്കേണ്ടതല്ല, മറിച്ച് പഠിച്ച് അര്‍ത്ഥം മനസ്സിലാക്കി പറയേണ്ടതാണ് എന്നാണ് ഖുർആൻ നൽകുന്ന പാഠം (47:19). ഏതു  കാര്യവും നാം പഠിച്ചു പറയുമ്പോഴാണ് അത് അർത്ഥവത്തായിത്തീരുന്നത്. ഏതൊരു കർമ്മവും അറിവിന്റെ പിൻബലത്തോട് കൂടി ചെയ്യുമ്പോഴാണ്  അതിനു മൂല്യമുണ്ടാവുന്നതും. ഇമാം ബുഖാരി (റ) അദ്ദേഹത്തിന്റെ ഹദീസ് ഗ്രന്ഥത്തില്‍ ഒരു അധ്യായത്തിന് നല്‍കിയ പേര് പോലും ശ്രദ്ധേയമാണ്. “ഏതൊരു കാര്യവും പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുന്‍പ്  അറിവ് നേടുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന അദ്ധ്യായം” എന്നാണ് ആ അദ്ധ്യായത്തിന്റെ പേര്. അപ്പോൾ എന്തൊരു കാര്യം നമ്മൾ പറയുമ്പോഴും  പ്രവര്‍ത്തിക്കുമ്പോഴും  അറിവിന്റെ പിൻബലത്തോടെ ചെയ്യുമ്പോഴാണ് അത് പൂര്‍ണതയില്‍ എത്തുന്നത്. അതിനാല്‍ നാം  അറിവ് നേടുക. 

ജീവിതത്തിൽ പരാജയപ്പെട്ടു പോയ ആളുകളെ  കുറിച്ച് പറയുന്നിടത്ത് ഖുര്‍ആന്‍ പറയുന്നത്  അവരുടെ പരാജയത്തിന് കാരണം അവര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതിരുന്നതായിരുന്നു എന്നതാണ്.
പ്രവാചകൻ (സ) പറഞ്ഞു: “അറിവ് അന്വേഷിച്ചുകൊണ്ട് ആരെങ്കിലും ഒരു വഴിയിൽ  ഇറങ്ങി പുറപ്പെട്ടാൽ അവന്റെ ആ വഴിയെ അല്ലാഹു സ്വർഗ്ഗത്തിലേക്ക് എളുപ്പമാക്കി കൊടുക്കും”. നിങ്ങൾക്ക് സ്വർഗാവകാശിയായ തീരണമോ? ജീവിതത്തിൽ വിജയം വേണമോ? എങ്കില്‍ അറിവ് തേടി പുറപ്പെട്ടെ മതിയാകൂ. അറിവ് വീട്ടിലിരുന്ന് വിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതല്ല. മറിച്ച് അന്വേഷിച്ചു തേടി പുറപ്പെടുന്നവര്‍ക്കുള്ളതാണ്.

സർവ്വശക്തനായ അല്ലാഹു നൽകിയ കണ്ണും കാതും ഹൃദയവും ഉപയോഗിച്ച്, തന്റെ ബുദ്ധി ശക്തി ഉപയോഗിച്ച് ശരിയായ അറിവ് നേടിയെടുക്കുക. അവരാണ് ബുദ്ധിമാന്മാർ. അവരാണ് ആലോചനാശേഷിയുള്ളവർ. അല്ലാഹു സഹായിക്കുമാറാകട്ടെ.