ad

സംശയ നിവാരണം

സകാത്തിന്റെ പണം ഭക്ഷണസാധനങ്ങളായോ മറ്റു വസ്തുക്കളായോ നല്‍കുന്നതിന്‍റെ വിധി

❓ചോദ്യം : 

                     സകാത്തിന്റെ സംഖ്യ പ്രത്യേക ഭക്ഷണസാധങ്ങള്‍ ആയോ മറ്റു വസ്തുക്കളായോ മാറ്റുകയും ദരിദ്രര്‍ക്ക് നല്‍കുകയും ചെയ്യാമോ?

✅ഉത്തരം: 

അനുവദനീയമല്ല. പണമായി (ദിര്‍ഹം)  ആയി നല്‍കല്‍ നിര്‍ബന്ധമാണ്‌. 

(اللقاء الشهرى  12/41 )

മറ്റൊരിക്കല്‍ അദ്ധേഹം പറഞ്ഞു: “സകാത്തിന്റെ പണം (ദിര്‍ഹം) പണം തന്നെ ആയിരിക്കല്‍ നിര്‍ബന്ധമാണ്‌. മറ്റു വസ്തുക്കളായി നല്‍കാവതല്ല. എന്നാല്‍ പാവപ്പെട്ടവര്‍ “സകാത്തിന്റെ പണമായി വല്ലതും നിങ്ങളുടെ അടുക്കല്‍ വന്നാല്‍ ആ പണം കൊണ്ട് എനിക്ക് ഇന്നയിന്ന സാധനങ്ങള്‍ വാങ്ങിത്തരണം” എന്ന് പറഞ്ഞു നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ അങ്ങനെ ആകാവുന്നതാണ്. 

( مجموع فتاوى ورسائل ابن عثيمين 18/303 ).

അദ്ധേഹം വീണ്ടും പറയുന്നു: “പാവപ്പെട്ട ഒരു കുടുംബം, നാം അവര്‍ക്ക് പണമായി സകാത്തിന്റെ വിഹിതം നല്‍കിയാല്‍ അവര്‍ അത് ആഡംഭര സാധനങ്ങളോ (അത്യാവശ്യമല്ലാത്തത്) അല്ലെങ്കില്‍ അനാവശ്യ സാധനങ്ങളോ വാങ്ങാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കല്‍ അനുവദനീയമാണോ?

ഈ രൂപത്തില്‍ ചെയ്യാന്‍ പാടില്ല എന്ന് അറിവുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ട കാര്യമാണ്. അഥവാ സകാത്തിന്റെ പണത്തിനു പകരമായി ചില നിര്‍ണിത സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ പാടില്ല എന്നര്‍ത്ഥം. പണ്ഡിതന്മാര്‍ പറയുന്നത്  പണമാണ് അവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദം എന്നാണ്. കാരണം അവര്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ അവര്‍ക്കത് ചിലവഴിക്കാന്‍ പറ്റും. മറ്റു വസ്തുക്കള്‍ ആണെങ്കില്‍ ഒരു പക്ഷെ അവര്‍ക്കത് ആവശ്യമില്ലാത്തതായിരിക്കും .അങ്ങനെ അവര്‍ അത് കുറഞ്ഞ വിലക്ക് വിറ്റ് കളയാനും സാധ്യതയുണ്ട്. എന്നാല്‍ മറ്റൊരു വഴിയുണ്ട്. നിങ്ങള്‍ പണമായി നല്‍കിയാല്‍ അത് ആ വീട്ടുകാര്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വാങ്ങുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ , ഗൃഹനാഥനോട് –അത് ഉപ്പയോ ഉമ്മയോ സഹോദരനോ അമ്മാവനോ ആരാവട്ടെ- അവരോട് പറയുക. ‘എന്റെ കയ്യില്‍ സകാത്തിന്റെ പണമുണ്ട്. നിങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് വാങ്ങി നിങ്ങള്‍ക്കയച്ചു തരാം’. ഈ ഒരു രീതി സ്വീകരിക്കുകയാണെങ്കില്‍ അത് അനുവദനീയമാവുകയും സകാത്തിന്റെ കടമ വീടുകയും ചെയ്യുന്നതാണ്.” 

( مجموع فتاوى ابن عثيمين18/ السؤال 643)

 

ഉത്തരം :

മുഹമ്മദ്‌ ഇബ്നു സ്വാലിഹുല്‍ ഉസൈമീന്‍ (റ)

 

?ശൈഖ് ഇബ്നു ബാസ് (റ) അദ്ദേഹത്തിന്റെ ഫത്വയില്‍ (25/82) പറയുന്നു:

“സകാത്തിന് അര്‍ഹതപ്പെട്ട ആളുകളുടെ നന്‍മ പരിഗണിച്ച് സകാത്തിന്റെ പണത്തിന് തുല്യമായ മൂല്യമുള്ള വസ്ത്രങ്ങളോ ഭക്ഷണസാധനങ്ങളോ നല്‍കാവുന്നതാണ്. അതായത് സകാത്തിന് അര്‍ഹനായ പാവപ്പെട്ട വ്യക്തി ഭ്രാന്തനോ മന്ദബുദ്ധിയോ വിഡ്ഢിയോ ബുദ്ധി കുറവുള്ളവനോ ആവുകയും പണം കൊണ്ട് അവര്‍ കളിച്ചു കളയുകയും ചെയ്യും എന്ന്  ഭയപ്പെടുമ്പോള്‍ അവര്‍ക്ക് സകാത്തിന്റെ തുകയോടു പൂര്‍ണമായും മൂല്യംവരുന്ന ഭക്ഷണമോ വസ്ത്രമോ വാങ്ങി നല്‍കുന്നതിലാണ് നന്മയുള്ളത്. 

ഇപ്പറഞ്ഞതെല്ലാം പണ്ഡിതന്മാരുടെ വാക്കുകളില്‍ ഏറ്റവും ശരിയായ അഭിപ്രായമാണ്.”

 

✒ആശയ വിവര്‍ത്തനം : 

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

 

?വിവര്‍ത്തകക്കുറിപ്പ്: 

ചുരുക്കത്തില്‍ മേല്‍ വിശദീകരിക്കപ്പെട്ട സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണവശാലും സകാത്തിന്റെ പണം മറ്റു വസ്തുക്കളായി നല്‍കാവതല്ല. എല്ലാവരുടേയും ആവശ്യം ഒരുപോലെ ആയിരിക്കില്ല. ചിലര്‍ക്ക് ചികിത്സ, ചിലര്‍ക്ക് പാര്‍പ്പിടം,ചിലര്‍ക്ക് ഭക്ഷണം ,ചിലര്‍ക്ക് വസ്ത്രം എന്നിങ്ങനെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നാം ഒരു നിര്‍ണിത വസ്തു നല്‍കിയാല്‍ അതവര്‍ക്ക് ബുദ്ധിമുട്ടാവും. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് നിര്‍ണയിക്കാനോ നിര്‍ണയിച്ചാല്‍ തന്നെ അത് നടപ്പിലാക്കാനോ കഴിയാത്തവര്‍ ആണെന്ന് നമുക്ക് തോന്നുക യാണെങ്കില്‍ അവരുടെ ആവശ്യമെന്തെന്നു നിര്‍ണയിച്ച് നാം അത് സകാത്തിന്റെ പണം കൊണ്ട് ചെയ്തുകൊടുക്കുന്നതില്‍ കുറ്റമില്ല. 

മാത്രമല്ല സാമ്പത്തികമായ ക്രയവിക്രയങ്ങള്‍ നടത്താന്‍ മാത്രമുള്ള വിവേകമില്ലാത്ത ആളുകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നാം അത് നിര്‍വഹിച്ചു കൊടുക്കുകയാണ് വേണ്ടത്. കാര്‍ഷിക വിളകളുടെയോ കന്നുകാലികളുടെയോ സകാത്ത് അതേ വസ്തുവില്‍ നിന്ന് നല്‍കാവുന്നതാണ്. അപ്രകാരം തന്നെ സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ സകാത്ത് സ്വര്‍ണ്ണമായും വെള്ളിയായും നല്‍കുന്നതിലും കുഴപ്പമില്ല.