ad

തസ്‌കിയത്

ശ്രദ്ധിച്ചു കേൾക്കുക

 

വിശുദ്ധ ഖുർആനിലെ അന്‍പതാം അദ്ധ്യായം സൂറത്തുൽ ഖാഫിലെ 37 ത്തെ വചനത്തിൽ അല്ലാഹു പറയുന്നു:

"തീര്‍ച്ചയായും ഇതില്‍ ഹൃദയമുള്ളവനും മനസ്സാനിധ്യത്തോട് കൂടി ശ്രദ്ധിച്ചു കേള്‍ക്കുന്നവനും ഉല്‍ബോധനമുണ്ട്."

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ മുൻകാല സമുദായങ്ങൾക്ക് ലഭിച്ച ശിക്ഷയെ സംബന്ധിച്ചു ഉണർത്തിയതിനു ശേഷം ഈ വചനത്തിലൂടെ ഗൗരവമേറിയ ചില കാര്യങ്ങളാണ് അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നത്. ഉൽബോധനങ്ങൾ ഒരു മനുഷ്യന് സ്വീകരിക്കുവാൻ കഴിയുന്നത് പ്രധാനമായും രണ്ടു ഗുണങ്ങൾ അവനിൽ ഉണ്ടാകുമ്പോഴാണ്. 

ഒന്നാമതായി 'ഹൃദയമുണ്ടാകണം.' എല്ലാവര്‍ക്കും ഹൃദയമുണ്ടല്ലോ? പിന്നെ ഈ വചനത്തിൽ ഹൃദയമുള്ളവനായിരിക്കണം എന്നുപറയാനുള്ള കാരണം എന്താണ്?’ പണ്ഡിതന്മാർ നമുക്കത് വിശദീകരിച്ച് നല്‍കുന്നുണ്ട്. "ഹൃദയം ഉണ്ടാകണം എന്നാൽ ചിന്തിക്കുന്ന ഒരു ഹൃദയമുണ്ടാകണം എന്നാണു അതുകൊണ്ട് അര്‍ത്ഥമാക്കിയിട്ടുള്ളത്. അത്തരം ആളുകൾക്ക് മാത്രമാണ് ഉൽബോധനങ്ങളും പൂർവികരുടെ ചരിത്രങ്ങളും ഉപകാരപ്പെടുന്നത്. വെറുമൊരു ഹൃദയമുണ്ടായിട്ടു കാര്യമില്ല എന്നര്‍ത്ഥം. 

രണ്ടാമതായി 'ശ്രദ്ധിച്ചു കേൾക്കണം. ' നാമൊക്കെയും കേൾക്കുന്നവരാണ്. എങ്കിലും എല്ലാവരുടെയും കേൾവി ഒരുപോലെയല്ല. കേൾക്കുന്നതെല്ലാം ഒരു വ്യക്തിക്ക് ഉപകാരപ്പെടണമെന്നില്ല. എന്നാൽ മനഃസാന്നിധ്യത്തോടു കൂടി, ഞാൻ ആവശ്യക്കാരനാണ് എന്ന ചിന്തയോട്കൂടി കേൾക്കുമ്പോഴാണ് ആ കേൾവി ഉപകാരപ്പെടുന്നത്. അഥവാ ഈ വചനം നമ്മോട് പറയുന്നത് കാര്യങ്ങൾ മനഃസാന്നിധ്യത്തോടു കൂടി ശ്രദ്ധിച്ചു കേൾക്കുക എന്നതാണ്.

എന്നാൽ ചിലരെ സംബന്ധിച്ച് വിശുദ്ധ ഖുർആനിലെ 21 ആം അദ്ധ്യായം രണ്ടാം വചനത്തിൽ അല്ലാഹു പറയുന്നു:

"അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ". തുടര്‍ന്നുള്ള വചനത്തിൽ പറയുന്നു "അവരുടെ ഹൃദയം അങ്ങേയറ്റം അശ്രദ്ധമാണ്". ദൈവീക വെളിപാടിൽ നിന്ന് ലഭിക്കുന്ന ഏതൊരു സന്ദേശത്തെയും അശ്രദ്ധമായ മനസ്സോടെ തമാശയായി കൊണ്ടാണ് അവർ കേൾക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കേൾവിക്കാർക്ക് ഉൽബോധനങ്ങൾ ഒരിക്കലും ഉപകാരപ്പെടുകയില്ല. മനുഷ്യന് അല്ലാഹു കാതുകളും ഹൃദയങ്ങളും നൽകിയിട്ടുണ്ട്. ആ ഹൃദയം കൊണ്ട് നാം ചിന്തിക്കണം. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതാകട്ടെ ശ്രദ്ധയോടെ കേൾക്കുമ്പോൾ മാത്രമാണ്. മനുഷ്യ ഹൃദയത്തിനു ചിന്തയുടെ വാതിൽ തുറന്നു കൊടുക്കുന്ന മാധ്യമമാണ് കണ്ണുകളും കാതുകളും.

മൂസാ നബിയോട് അല്ലാഹു പറഞ്ഞതുപോലെ “നിനക്ക് ബോധനം നല്‍കപ്പെടുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക” അതിനാൽ ശരിയായ വിജ്ഞാനങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. ഖുർആനിലൂടെയും പ്രവാചകനിലൂടെയും നമുക്ക് ലഭിച്ച വിജ്ഞാന സാഗരത്തിനു മുന്നിൽ മനഃസാന്നിധ്യത്തോടെ ശ്രദ്ധയോടെ നമ്മുടെ കണ്ണുകളും കാതുകളും തുറന്നു വെക്കുക. അശ്രദ്ധയും അവഗണനയും തീരാ ദുഃഖത്തിലേക്ക് മനുഷ്യനെ തള്ളിവിടും. മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും വലിയ ഒരു വിഭാഗം നരകത്തില്‍ പോകാനുള്ള കാരണം വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.

“ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നരകത്തിനുവേണ്ടി നാം സൃഷ്‌ടിച്ചുണ്ടാക്കിയിട്ടുണ്ട്‌: (കാരണം) അവര്‍ക്ക്‌ ഹൃദയങ്ങളുണ്ട്‌, അവ കൊണ്ട്‌ അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല; അവര്‍ക്ക്‌ കണ്ണുകളുണ്ട്‌, അവകൊണ്ട്‌ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌, അവകൊണ്ട്‌ അവര്‍ കേട്ടറിയുകയില്ല ; അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു; എന്നല്ല, (അവയെക്കാള്‍) അധികം വഴി പിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ്‌ അശ്രദ്ധന്‍മാര്‍” (7:179)
ശ്രദ്ധിച്ചു കേള്‍ക്കുക, കാര്യം ഗ്രഹിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.