തസ്‌കിയത്
-
Nov 04,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
പിശാചിനെ പിൻപറ്റിയാൽ
“വിശ്വസിച്ചവരേ നിങ്ങൾ പിശാചുക്കളുടെ കാൽപാദങ്ങളെ ഒരിക്കലും പിൻപറ്റരുത്. പിശാചിന്റെ കാൽപാദങ്ങളെ ആരാണോ പിൻപറ്റുന്നത് അപ്പോൾ പിശാച് അവനോട് വൃത്തിക്കേടുകളും വെറുക്കപ്പെട്ട കാര്യങ്ങളുമാണ് കല്‍പിക്കുക. അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ഒരാൾക്കും പരിശുദ്ധി പ്രാപിക്കുവാന്‍ സാധിക്കുമായിരുന്നില്ല. മറിച്ച് അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് സംശുദ്ധി നൽകുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (24:21)”
മനുഷ്യൻ അനുഭവിക്കുന്ന ഒട്ടനവധി പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരം നിർദ്ദേശിക്കുന്ന വചനമാണിത്. മാത്രമല്ല ഇഹത്തിലും പരത്തിലും മനുഷ്യനെ യഥാർത്ഥ വിജയിയാക്കിത്തീർക്കുവാന്‍ ഉതകുന്ന കാര്യമാണ് ഈ വചനം മുന്നോട്ട് വെക്കുന്നത്. മനുഷ്യന്റെ വിജയ വഴികളിൽ തടസ്സമായി നിൽക്കുന്ന പ്രശ്നം എന്താണ്?. അതിനെ എങ്ങനെ കൈകാര്യം ചെയ്യണം ?എന്നുകൂടി ഈ വചനം നമുക്ക് പഠിപ്പിച്ച് തരുന്നു.
അല്ലാഹുവിനെ ധിക്കരിക്കുന്ന, മനുഷ്യനെ തിന്മയിലേക്ക് നയിക്കാൻ വേണ്ടി ഏറെ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സൃഷ്ടികളിൽ ഒന്നാണല്ലോ ശൈത്ത്വാൻ. അവന്റെ വഴികളെ പിൻപറ്റുന്നതിലൂടെയാണ് മനുഷ്യന്റെ എല്ലാ പരാജയവും ഉണ്ടാകുന്നത്. അതുകൊണ്ട് അല്ലാഹു ഏറെ സ്നേഹത്തോടെ കൂടി വിശ്വാസി സമൂഹത്തെ ഉണർത്തുന്ന കാര്യം നിങ്ങള്‍ പിശാചിന്റെ വഴികളെ സ്വീകരിക്കരുത് എന്നാണ്. കാരണം അവൻ നിങ്ങളോട് വൃത്തിക്കേടുകളും വെറുക്കപ്പെട്ട കാര്യങ്ങളുമാണ് കല്പിക്കുക. പിശാചിൽ നിന്ന് നന്മ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ? അവൻ നമ്മെ നല്ല വഴിയിൽ നടത്തുകയുമില്ല. മറിച്ച് മനുഷ്യനെ വഴിതെറ്റിച്ച് നരകത്തിന്റെ ആളുകള്‍ ആക്കി മാറ്റുക എന്നതാണ് അവന്‍ സ്വയം ഏറ്റെടുത്ത ദൌത്യം. അതിനാല്‍ അവന്‍ മ്ലേച്ച വൃത്തികളും വെറുക്കപ്പെട്ട കാര്യങ്ങളും ചെയ്യാൻ നിരന്തരം മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും നിങ്ങൾക്ക് ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ഒരാൾക്കും ശുദ്ധി പ്രാപിച്ചു സന്മാർഗത്തിൽ ചേരുവാൻ സാധിക്കുമായിരുന്നില്ല എന്നും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് സംസ്കരണം നൽകുന്നു എന്ന് പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. അല്ലാഹുവിൽ നിന്നാണ് നമുക്ക് ശരിക്കും ഹിദായത്ത് ലഭിക്കേണ്ടത്. ശരിയായ വഴി ഏതെന്ന് പഠിപ്പിച്ചു തരുന്നത് കാരുണ്യവാനായ അല്ലാഹുവാണ്. അല്ലാഹുവിനെ മാറ്റിനിർത്തി അവനെ കയ്യൊഴിഞ്ഞു ജീവിക്കുന്ന ഒരാൾക്ക് ഒരിക്കലും ശരിയായ പാതയിലൂടെ സഞ്ചരിക്കാൻ കഴിയില്ല. പിശാച് മനുഷ്യന്റെ ശത്രുവാണ്. അല്ലാഹുവാകട്ടെ മനുഷ്യരുടെ രക്ഷാധികാരിയുമാണ്. അല്ലാഹു മനുഷ്യരോട് ഏറെ കാരുണ്യമുള്ളവനുമാണ്. ആ കാരുണ്യത്തിന്റെ അടയാളമാണ് അവൻ മനുഷ്യർക്ക് പഠിപ്പിച്ച നല്ല നല്ല കാര്യങ്ങൾ.
സൂറത്തു:റഹ്മാന്‍ തുടങ്ങുന്നത് തന്നെ “പരമകാരുണ്യവാനായ അല്ലാഹു പരിശുദ്ധ ഖുർആൻ പഠിപ്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു കൊണ്ടാണ്. അല്ലാഹുവിൻറെ കാരുണ്യമാണ് പരിശുദ്ധ ഖുർആൻ. മുഹമ്മദ് നബിയെ കുറിച്ച് പരിശുദ്ധ ഖുർആനിൽ പറഞ്ഞത് ലോകർക്ക് മുഴുവൻ കാരുണ്യമായിട്ടാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്നാണു. ഖുര്‍ആനും പ്രവാചകചര്യയും നാം പിന്തുടരുമ്പോൾ സ്വാഭാവികമായും പിശാചിന്റെ വഴിയിൽനിന്ന് നാം രക്ഷപ്പെടുന്നു.
എന്നാൽ കാരുണ്യത്തിന്റെ വഴിയായ ഖുർആനിനെയും പ്രവാചകനെയും നാം മാറ്റിനിർത്തിയാലോ? പിന്നെ നമുക്ക് പിന്തുടരാൻ പിശാചിന്റെ വഴിയല്ലാതെ വേറെ ഏതു വഴിയാണുള്ളത്? അല്ലാഹു പറയുന്നു അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു എന്ന്. അഥവാ മനുഷ്യന്റെ നന്മ എവിടെയാണെന്നും അവന്റെ പരാചയം എങ്ങനെ ആയിരിക്കുമെന്നും കൃത്യമായി അറിയാവുന്ന അല്ലാഹുവിന്റെ ഉപദേശങ്ങള്‍ മനുഷ്യര്‍ സ്വീകരിക്കേണ്ടതാണ്. അങ്ങനെ ചാണിനു ചാണായും മുഴത്തിനു മുഴമായും പരിശുദ്ധ ഖുർആനിനെ നാം പിൻപറ്റിയാൽ, പ്രവാചകചര്യയെ നാം പിന്തുടര്‍ന്നാല്‍ പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കും. ഇഹപര വിജയം നമുക്ക് കരഗതമാവുകയും ചെയ്യും. സര്‍വ്വശക്തന്‍ നാം ഏവരെയും അനുഗ്രഹിക്കട്ടെ.