സംശയ നിവാരണം
-
Oct 20,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
പള്ളികള്‍, മദ്റസകള്‍ തുടങ്ങിയവക്ക് സകാത്തിന്റെ വിഹിതം ചിലവഴിക്കല്‍
❓ചോദ്യം:
(ഒരു നാട്ടില്‍) ദരിദ്രന്മാര് ഇല്ലാതിരുന്നാല്‍ പോലും സകാത്തിന്റെ പണം പള്ളികള്‍, മദ്രസകള്‍ ആശുപത്രികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും മറ്റും നല്കല് അനുവദനീയമാണോ?
✅ ഉത്തരം:
സകാത്ത് ചിലവഴിക്കേണ്ടുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് അല്ലാഹു തആലാ വിശദീകരിക്കുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അല്ലാഹു പറയുന്നു:
“ദാനധര്‍മ്മങ്ങള്‍ (അഥവാ സകാത്ത്) നല്‍കേണ്ടത് ദരിദ്രന്മാര്ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.(9:60)
ഈ പറഞ്ഞ എട്ടു കാര്യങ്ങള്‍ക്കല്ലാതെ സകാത്തിന്റെ പണം ചിലവഴിക്കാന്‍ പാടില്ലാത്തതാണ്. പൊതു സംരംഭങ്ങള്‍, പാലം, പള്ളി, മദ്രസ തുടങ്ങിയ നന്മയുടെ സംരംഭങ്ങള്‍ക്കൊന്നും സകാത്തിന്റെ പണം ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം സംരംഭങ്ങള്‍ എല്ലാം തന്നെ മറ്റു സംഭാവനകളില്‍ നിന്നോ അതുമായി ബന്ധപ്പെട്ട വഖ്ഫുകളില്‍ നിന്നോ സ്വരൂപിക്കേണ്ടതാണ്. എന്നാല്‍ സകാത്ത് അല്ലാഹു തആലാ ശറആയി നിര്‍ണ്ണയിച്ച് ക്ളിപ്തപ്പെടുത്തിയ മാര്‍ഗ്ഗത്തില്‍ മാത്രമേ പാടുള്ളൂ.
“അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍” (9:60) എന്നതുകൊണ്ട് ഉദ്ധേശിച്ചത് ബൈതുല്‍ മാലില്‍ നിന്ന് പ്രത്യേക ശമ്പളം (അനുകൂല്യം) ഇല്ലാത്ത അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ആളുകള്‍ക്ക് നല്‍കുന്നതിനെ സംബന്ധിച്ചാണ്. അല്ലാതെ എല്ലാ പൊതു സംരംഭങ്ങളുമല്ല. എല്ലാ നന്മയുടെ സംരംഭങ്ങളും “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍” എന്നതിന്റെ പരിധിയില്‍ വരുന്നതായിരുന്നെങ്കില്‍ നേരത്തെ സൂചിപ്പിച്ച മറ്റു ഏഴു കാര്യങ്ങളിലേക്ക് ഇത് ചേര്‍ത്തു പറഞ്ഞതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കാരണം അതെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പെട്ടത് തന്നെയാണല്ലോ. ചുരുക്കത്തില്‍ അല്ലാഹു നിര്‍ണ്ണയിച്ച നേരത്തെ സൂചിപ്പിച്ച എട്ടു മാര്‍ഗ്ഗങ്ങളില്‍ അല്ലാതെ സകാത്ത് നല്കല് അനുവദനീയമാവുകയില്ല.
❓ചോദ്യം:
മതപഠനം നടത്തുന്ന വിദ്ധ്യാര്‍ഥികള്‍ക്ക് സകാത്ത് നല്‍കാമോ?
✅ ഉത്തരം:
അവര്‍ ദരിദ്രര്‍ ആണെങ്കില്‍ നല്‍കാം. മാത്രമല്ല, അവരാണ് അതിനു കൂടുതല്‍ അര്‍ഹര്‍. എന്നാല്‍ അവര്‍ ധനികരോ പര്യാപ്തമായ ശമ്പളക്കാരോ ആണെങ്കില്‍ അവര്‍ക്ക് നല്കാന് പാടില്ല.
?ഉത്തരം:
ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
ആശയ വിവര്‍ത്തനം :
✒സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി
? വിവര്‍ത്തകക്കുറിപ്പ്:
പള്ളികള്‍ക്കും മദ്രസകള്‍ക്കും വരെ സകാത്തിന്റെ പണം നല്കാന് പാടില്ലെങ്കില്‍ പിന്നെ ചാനലുകളും പത്രങ്ങളും പോലെയുള്ള സംരംഭങ്ങള്‍ക്ക് സക്കാത്തിന്റെ പണം പിരിക്കുന്നതും സകാത്തിന്റെ പണം അത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്നതും എത്ര വലിയ തെറ്റാണ് എന്നാലോചിച്ച് നോക്കുക.
എന്നാല്‍ മതം പഠിക്കുവാനും അത് പ്രബോധനം ചെയ്യുവാനും കെല്‍പ്പുള്ള, അതേ സമയം അതിനാവശ്യമായ ചിലവുകള്‍ കണ്ടെത്താനാവാത്ത ദരിദ്രരായ വിദ്യാര്‍ത്ഥികളെ സകാത്തിന്റെ പണം നല്കി സഹായിക്കല്‍ വളരെ അനിവാര്യമാണ്. കാരണം അവരുടെ അറിവ് സമൂഹത്തിന് മൊത്തം ഉപകാരപ്പെടുന്നതാണ്.