ad

സംശയ നിവാരണം

നമസ്കാരത്തില്‍ മുസ്ഹഫില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യാമോ?

❓ചോദ്യം: 

                     താറാവീഹ്, ഖിയാമുല്ലൈല്‍, ഗ്രഹണം തുടങ്ങിയുള്ള നമസ്കാരങ്ങളില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ മതവിധിയെന്താണ്? അഥവാ മന:പാഠമാക്കുവാന്‍ പ്രയാസമുള്ള വലിയ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ മുസ്ഹഫ് കയ്യില്‍ പിടിക്കുകയും സുജൂദിന്റെ സമയത്ത് മുസ്ഹഫ് നിലത്ത് വെക്കുകയോ അല്ലെങ്കില്‍ തൊട്ടടുത്തുള്ള മേശയില്‍ വെക്കുകയോ ചെയ്യുന്നു. നിര്‍ത്തത്തില്‍ കയ്യില്‍ എടുക്കുകയും അതില്‍ നോക്കി ഒതുകയും ചെയ്യുന്നു. നമസ്കാരത്തില്‍ ഉടനീളം ഇങ്ങനെ ചെയ്യല്‍ അനുവദനീയമാണോ? നിര്‍ബന്ധ നമസ്കാരങ്ങളിലും ഇങ്ങനെ ചെയ്യാമോ?

 

 

✅ ഉത്തരം: 

بسم الله الرحمن الرحيم , الحمد لله وصلى الله وسلم على رسول الله وعلى آله وأصحابه ومن اهتدى بهداه , اما بعد

ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍  താറാവീഹ്, ഖിയാമുല്ലൈല്‍, ഗ്രഹണം തുടങ്ങിയുള്ള നമസ്കാരങ്ങളില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ കുഴപ്പമില്ല. നമസ്കാരത്തില്‍ ഖുര്‍ആന്‍ പാരായണം നിശ്ചയിക്കപ്പെട്ടതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യലും അവന്റെ കലാമില്‍ നിന്ന് ഉപകാരമെടുക്കലുമാണ്. ഖുര്‍ആന്‍ മുഴുവന്‍ ഹിഫ്ദാക്കുവാനോ അല്ലെങ്കില്‍ വലിയ സൂറത്തുകള്‍ ഹൃദസ്തമാക്കുവാനോ എല്ലാവര്‍ക്കും കഴിയില്ല. എന്നാല്‍ ഖുര്‍ആന്‍ കേള്‍ക്കുവാന്‍  (അതില്‍ നിന്ന് ഉപകാരം എടുക്കുവാന്‍ വേണ്ടി)  അവന്‍ ആവശ്യക്കരനാണ് താനും. അതിനാല്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ തെറ്റില്ല. 

ആയിഷ (റ) മോചിപ്പിച്ച അടിമയായ ദക്വാന്‍  (ذكوان)   (റ)  റമദാനില്‍ ആയിഷാ (റ) ക്ക് ഇമാമായി നില്‍ക്കുമ്പോള്‍ മുസ്ഹഫില്‍ നോക്കിയാണ് ഓതിയിരുന്നത്. അതിനാല്‍ അടിസ്ഥാനപരമായി അത് അനുവദനീയമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ തെളിവുകള്‍ ഇല്ലാതെയാണ് അത് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ശരിയായ അഭിപ്രായം താറാവീഹ്, ഖിയാമുല്ലൈല്‍, ഗ്രഹണം തുടങ്ങിയുള്ള നമസ്കാരങ്ങളില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നതാണ്.

ആവശ്യം വന്നാല്‍ നിര്‍ബന്ധ നമസ്കാരത്തിലും മുസ്ഹഫ് നോക്കി ഓതുന്നതില്‍ കുറ്റമില്ല. എന്നാല്‍ അധികവും ഫര്‍ദ് നമസ്കാരങ്ങളില്‍ ഇതാവശ്യം വരാറില്ല. കാരണം ഫര്‍ദ് നമസ്കാരങ്ങളില്‍ ഫാതിഹയുടെ കൂടെ ചെറിയ സൂറത്തുകളോ അല്ലെങ്കില്‍ സൂറത്ത് ഒതാതെയോ ആണ് നമസ്കരിക്കേണ്ടത്. ഇമാമുകള്‍ക്ക് മുസ്ഹഫില്‍ നോക്കേണ്ട ആവശ്യം വരികയില്ല. ഇനി ആവശ്യം വന്നാല്‍ അവര്‍ക്ക് മുസ്ഹഫില്‍ നോക്കി ഒതാവുന്നതുമാണ്.

അതോടൊപ്പം നമസ്കരിക്കുന്ന ആളുടെ പരിസരത്തുള്ള ഉയരമുള്ള കസേരയിലോ മറ്റോ മുസ്ഹഫ് വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിലത്ത് വെക്കരുത്. കാരണം ഖുര്‍ആനിനെ ആദരിക്കല്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കസേരയോ അതുപോലെയുള്ള ഉയര്‍ന്ന പ്രതലങ്ങളോ ലഭ്യമാണെങ്കില്‍ അതിന്മേല്‍ ആണ് മുസ്ഹഫ് വെക്കേണ്ടത്. എന്നാല്‍ അവ ലഭ്യമായില്ലെങ്കില്‍ നല്ല വൃത്തിയുള്ള നിലത്ത് വെക്കാവുന്നതാണ്.

 

?ഉത്തരം നല്‍കിയത്:

ശൈഖ് ഇബ്നു ബാസ് (റ)

?ആശയ വിവര്‍ത്തനം :

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി