തസ്‌കിയത്
-
Nov 04,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
നല്ലതു പറയുക
ഇതര ജീവജാലങ്ങളിൽ നിന്നുള്ള മനുഷ്യന്റെ പ്രേത്യേകത അവൻ സംസാരിക്കുന്നു എന്നതാണ്. മറ്റു ജീവജാലങ്ങൾക്ക് ആശയ വിനിമയം നടത്താൻ അവയുടേതായ മാർഗങ്ങൾ ഉണ്ടെങ്കിലും മനുഷ്യരെ പോലെ സംസാരിക്കാൻ അവർക്ക് സാധ്യമല്ല. മനുഷ്യരുടെ കൂട്ടത്തിൽ നല്ലതും ചീത്തയും സംസാരിക്കുന്നവർ ഉണ്ട്. എന്നാൽ മാനവ സമൂഹത്തിനു നന്മ പഠിപ്പിക്കാൻ അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുർആൻ മനുഷ്യൻ എങ്ങനെ സംസാരിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്.
വിശുദ്ധ ഖുർആനിലെ പതിനേഴാം അദ്ധ്യായം സൂറതു ഇസ്റാഇലെ 53 ആം വചനത്തിൽ അല്ലാഹു പറയുന്നു:
"നീ എന്‍റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു".
ഈ വചനത്തിലൂടെ കടന്നു പോയാൽ നമുക്ക് കാണാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവർ നല്ലതു സംസാരിക്കട്ടെ എന്നല്ല അല്ലാഹു പറയുന്നത്. മറിച്ച് ഏറ്റവും നല്ലതു സംസാരിക്കട്ടെ എന്നാണ്. കാരണം നല്ലതല്ലാത്ത വാക്കുകള്‍ കാരണത്താല്‍ പിശാച് അവര്‍ക്കിടയില്‍ കുഴപ്പങ്ങളും പ്രശ്നങ്ങളും ഭിന്നതകളും ഉണ്ടാക്കും. പിശാചാകട്ടെ മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ് താനും. അഥവാ സംസാരം നല്ലതായിരിക്കണം. സംസാരം മോശമായാലോ?! അവിടെ പിശാച് ഇടപെടും.
നാം നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് ശ്രദ്ധാപൂര്‍വ്വം നോക്കിയാൽ കാണാം എത്രയെത്ര കുടുംബങ്ങളാണ് കണ്ണീരിൽ കുതിർന്ന ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത് എന്ന്. എത്രയെത്ര കുടുംബ ബന്ധങ്ങളും സാഹോദര്യ ബന്ധങ്ങളും മുറിക്കപ്പെട്ടു. മാതാപിതാക്കളും മക്കളും തമ്മിൽ, ഭാര്യയും ഭർത്താവും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, അയൽവാസികൾ തമ്മിൽ അങ്ങനെ തുടങ്ങി നാം ഇടപെടുന്ന ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ ബന്ധങ്ങൾ തകർന്നടിയുന്നതിൽ മനുഷ്യന്റെ മോശമായ സംസാരം എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട് എന്ന് ചിന്തിച്ചു നോക്കുക.
മോശമായ സംസാരം നടത്തുമ്പോൾ അതിനനുസരിച്ചു പ്രവർത്തിക്കാൻ പിശാച് അവനെ പ്രേരിപ്പിക്കും. അങ്ങനെ മനുഷ്യ സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ പിശാച് ഇളക്കി വിടുന്നു. ചിലരുടെ വാക്കുകൾ കേട്ട് പലരും ആത്മഹത്യ ചെയ്യുന്നു. ചിലരുടെ വർത്തമാനങ്ങൾ മറ്റു ചിലരെ കൊലയാളികളാക്കുന്നു. ദിനേനയെന്നോണം പത്ര മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നാം വായിക്കുന്ന വാര്‍ത്തകള്‍ നാം നേരത്തെ പറഞ്ഞ യാഥാര്‍ത്യങ്ങളെ സത്യപ്പെടുത്തുന്നവയാണ്. ഇപ്രകാരം സ്വയം ജീവൻ ഒടുക്കുകയോ മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുകയോ ചെയ്യുന്നിടത്തേക്ക് മോശമായ സംസാരങ്ങൾ മനുഷ്യനെ എത്തിക്കുന്നു.
ഈ വചനം വിശദീകരിക്കുന്നിടത്ത് പണ്ഡിതന്മാർ പറഞ്ഞു:
"ജനങ്ങളോട് സംസാരിക്കുമ്പോൾ ആളുകളെ ആട്ടിയകറ്റുന്ന വാക്കുകൾ നിങ്ങൾ ഒഴിവാക്കുക, പകരം ജനങ്ങൾക്കിടയിൽ പരസ്പ്പര സ്നേഹവും ഐക്യവും അടുപ്പവും ഉണ്ടാക്കുന്ന വാക്കുകൾ നിങ്ങൾ പറയുക".
ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറത്തുല്‍ ബഖറയിലെ 83 ത്തെ വചനത്തിൽ അല്ലാഹു പറയുന്നു:
"ജനങ്ങളോട് നിങ്ങൾ നല്ല വാക്ക് പറയുക". (2:83)
ഈ ആയതിന്റെ വിശദീകരണത്തിൽ നമുക്ക് കാണാം: "ജനങ്ങളോട് നിങ്ങൾ നല്ല വാക്കുകൾ സംസാരിക്കണം, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ആയിരുന്നാൽ പോലും. കടുത്ത വാക്കുകളോ വെറുപ്പുളവാക്കുന്ന വാക്കുകളോ നിങ്ങൾ ഒരിക്കലും ഉപയോഗിക്കുകയും ചെയ്യരുത്."
അപ്പോൾ നമ്മുടെ സംസാരം അത് കേൾക്കുന്നവരുടെ മനസ്സിൽ സന്തോഷം ഉണർത്തണം. അത് അവരിലെ തെറ്റുകൾ തിരുത്തുകയാണെങ്കിൽ പോലും. ഇപ്രകാരം ജനങ്ങളുടെ മനസ്സിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണർത്തുന്ന വാക്കുകളായിരിക്കണം സംസാരങ്ങളിൽ ഉണ്ടാകേണ്ടത്. അവരുടെ ദുഃഖവും പ്രയാസങ്ങളും വർധിക്കുന്നതിന് കാരണമാകുന്ന സംസാരം നാം ഒഴിവാക്കുകയും ചെയ്യുക. ആലോചിക്കുന്ന ജനങ്ങള്‍ക്ക് എത്രയോ മഹത്തരമായ ഉപദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ ആരെങ്കിലുമുണ്ടോ ?