തസ്‌കിയത്
-
Nov 04,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
നല്ല വാക്കും നല്ല പ്രവർത്തിയും
സർവ്വത്ര കളവുകളാണിന്നു ലോകത്ത്. സത്യസന്ധതയില്ലാത്ത വാക്കുകൾ. അതുകൊണ്ടുതന്നെ സത്യസന്ധതയില്ലാത്ത പ്രവർത്തനങ്ങളും. ആർക്കും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല. ആരും നേർക്കുനേരെ വാക്കുകൾ പറയുന്നില്ല. അതുകൊണ്ടുതന്നെ അമാനത്തുകൾ ഉയർത്തപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്നു. പരസ്പരമുള്ള ഇടപാടുകൾ പ്രയാസകരമായിത്തീർന്നിരിക്കുന്നു. കുടുംബജീവിതം, സാമൂഹികജീവിതം, രാഷ്ട്രീയജീവിതം എല്ലാം പ്രയാസകരമായി തീർന്നിരിക്കുന്നു. എന്തുണ്ട് പരിഹാരം?
ഈയൊരു ചോദ്യത്തിനുള്ള ഉത്തരമാണ് പരിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന വചനത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.
“ഹേ! വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നേരെ ചൊവ്വേയുള്ള വര്‍ത്തമാനം പറയുകയും ചെയ്യുക. (എങ്കില്‍) അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരികയും ചെയ്യും. ആര്‍ അല്ലാഹുവിനേയും പ്രവാചകനേയും അനുസരിക്കുന്നുവോ ,അവര്‍ മഹത്തായ വിജയം നേടിയിരിക്കുന്നു (33:70,71)”
എന്താണ് ‘കൌലുന്‍ സദീദ്’ അഥവാ ‘നേർക്ക് നേരെയുള്ള വാക്ക്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? വളച്ചു കെട്ടലുകൾ ഇല്ലാത്ത, വക്രതയില്ലാത്ത, കാപട്യമില്ലാത്ത, കളവില്ലാത്ത, പരിഹാസമോ അപഹാസമോ ഇല്ലാത്ത, ആത്മാർത്ഥയുള്ള, സത്യത്തെ വെളിപ്പെടുത്തുന്ന വാക്കുകൾക്കാണ് ‘കൌലുന്‍ സദീദ്’ അഥവാ ‘നേർക്ക് നേരെയുള്ള വാക്ക് എന്ന് പറയുന്നത്. പലപ്പോഴും ഇതിന്റെ അഭാവമാണ് മനുഷ്യർ തമ്മിൽ തല്ലാനും കുടുംബങ്ങളിൽ ചിദ്രത ഉണ്ടാകുവാനും കാരണമായിത്തീരുന്നത്. രാഷ്ട്രങ്ങൾ തമ്മിലുള്ള മഹായുദ്ധങ്ങൾ പോലും നാവുകൊണ്ടുള്ള പ്രശ്നങ്ങൾ കൊണ്ടാണല്ലോ പലപ്പോഴും ഉണ്ടായിട്ടുള്ളത്. ചരിത്രം പരിശോധിക്കുന്നവർക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. വേദഗ്രന്ഥമായ പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. ആ ഗ്രന്ഥം മനുഷ്യനെ വിലക്കുന്നതെല്ലാം മോശമായ കാര്യങ്ങളിൽ നിന്നുമാണ്. ഖുര്‍ആന്‍ വിശ്വാസികളോട് പറയുന്നത് നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും നേരെ ചൊവ്വേയുള്ള, സത്യസന്ധമായ വാക്കുകൾ പറയുകയും ചെയ്യണം എന്നാണു. മാത്രമാല്ല ,നല്ല വാക്കുകള്‍ പറയുക വഴി മനുഷ്യര്‍ക്ക് ലഭിക്കുന്ന നേട്ടവും വളരെ വലുതാണെന്നാണ് അല്ലാഹു നമ്മെ അറിയിക്കുന്നത്.
നല്ല വാക്കുകള്‍ പറയുന്നവരുടെ പ്രവര്‍ത്തനങ്ങളും അല്ലാഹു നന്നാക്കിത്തരുമെന്നും അവരുടെ പാപങ്ങള്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു തരുമെന്നും അല്ലാഹു വാഗ്ദാനം നല്‍കുന്നു. എപ്പോഴാണ് പ്രവർത്തി നന്നായി തീരുന്നത്? വാക്കുകൾ നന്നാവണം. വാക്കുകൾ നന്നായാൽ പ്രവർത്തി നന്നായി. അതിനുപുറമേ അവനിൽനിന്ന് വന്നുപോയ പാപങ്ങൾ അല്ലാഹു അവനു പൊറുത്തു കൊടുക്കുകയും ചെയ്യും.
വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ട് . മനുഷ്യന്റെ ഉള്ളിലുള്ളത് എന്താണോ അത് വാക്കുകളിലൂടെയാണ് പുറത്തേക്ക് വരുന്നത്. മനുഷ്യൻ പറയുന്നതെന്തോ അതായിരിക്കും അവനിൽനിന്ന് വെളിപ്പെടുക. തൽക്കാലം കളവ് പറഞ്ഞു താന്‍ സത്യസന്ധന്‍ ആണെന്ന് മറ്റുള്ളവരെ അവന്‍ ധരിപ്പിച്ചേക്കാം. പക്ഷേ അവന്റെ പ്രവർത്തനങ്ങളിലൂടെ അവന്റെ സത്യസന്ധത പിന്നീട് സമൂഹത്തിന് ബോധ്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ എത്ര നല്ല ഭംഗിവാക്കുകൾ പറയുന്നവനും പ്രവർത്തി പഥത്തില്‍ എത്തുമ്പോൾ അവന്റെ യാഥാർത്ഥ്യം വെളിപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. സത്യസന്ധമായ ഒരു ഹൃദയത്തിൽ നിന്നുണ്ടാകുന്ന ആത്മാർത്ഥമായ വാക്കുകളാണ് നേരെ ചൊവ്വേയുള്ള വാക്കുകള്‍. ദ്വയാർത്ഥങ്ങൾ ഇല്ലാത്ത, പരിഹാസമോ ചതിയോ വഞ്ചനയോ ഒളിപ്പിച്ചിട്ടില്ലാത്ത നല്ല ആത്മാർത്ഥയുള്ള വാക്കുകൾ പറയുന്നവരായി നാം മാറേണ്ടതുണ്ട്. സർവ്വശക്തനായ നാഥൻ നാമേവരെയും അനുഗ്രഹിക്കട്ടെ.