ലേഖനങ്ങൾ
-
Nov 07,2020
-
by സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
മുഹമ്മദ് നബി ഉത്തമ മാതൃക
“അല്ലാഹുവിനെയും പരലോകത്തെയും ഉദ്ദേശിക്കുന്ന (ആഗ്രഹിക്കുന്ന) ആളുകൾക്കും അള്ളാഹുവിനെ ധാരാളമായി ഓർക്കുന്ന ആളുകൾക്കും മുഹമ്മദ് നബി(സ) യിൽ ഉത്തമമായ മാതൃകയുണ്ട്,തീര്‍ച്ച.(33:21)”
പല ആശയങ്ങളും നമുക്ക് നല്‍കുന്ന സുപ്രധാനമായ ഒരു വചനമാണ് നാം ഇപ്പോള്‍ വായിച്ചത്. മുഹമ്മദ് നബി (സ) അല്ലാഹുവിൽ നിന്നുള്ള ദൂതനാണ് എന്ന സുപ്രധാനമായ ആശയമാണ് ഇതില്‍ ഒന്നാമത്തേത്. പ്രവാചകൻ ദൈവദൂതനാണ് എങ്കിൽ ആ പ്രവാചകനെ അനുസരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ കാര്യമാണ് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ?
മനുഷ്യർക്ക് പൊതുവെയും സത്യവിശ്വാസികൾക്ക് പ്രത്യേകിച്ചും മുഹമ്മദ് നബി(സ) യിൽ ഉത്തമമായ മാതൃകയുണ്ട് എന്നതാണ് രണ്ടാമത്തെ ആശയം. കാരണം അല്ലാഹുവിന്റെ ദൂതൻ അനുകരിക്കപ്പെടാനുള്ള വക്തി അല്ലെങ്കിൽ പിന്നെ ആരെയാണ് നാം അനുകരിക്കുക? വേറെ ആരിലാണ് അനുകരിക്കപ്പെടാവുന്ന മാതൃക നാം കണ്ടെത്തുക, പ്രവാച്ചകനില്ലാതെ?
‘ഉത്തമമായ മാതൃക’ എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. അഥവാ വിശ്വാസ രംഗത്തും കർമ്മരംഗത്തും ആചാര രംഗത്തും അനുഷ്ഠാന രംഗത്തും സ്വഭാവ-സാംസ്കാരിക രംഗത്തും തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും ഏറ്റവും ഉദാത്തമായ മാതൃക പ്രവാചകനില്‍ നമുക്ക് കാണാന്‍ സാധിക്കും. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിലെല്ലാം അതുല്യമായ ജീവിത മാതൃക കാണിച്ചിട്ടുണ്ട് ആ മഹാനായ പ്രവാചകന്‍. ഈ ലോകവും പരലോകവുമായി ബന്ധപ്പെട്ട ഏതെല്ലാം വിഷയങ്ങൾ ഉണ്ടോ ആ വിഷയങ്ങളിലൊക്കെ നമ്മുടെ മാതൃക മുഹമ്മദ് നബി (സ) യാണ്. കാരണം അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്.
‘അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുന്ന ആളുകൾക്ക് പ്രവാചകനില്‍ മാതൃകയുണ്ട്’ എന്ന് പറഞ്ഞതിലും ചില ആശയങ്ങള്‍ ഉണ്ട്. മനുഷ്യന്റെ ഏത് കാര്യങ്ങളെയും യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത് അവന്റെ വിശ്വാസമാണല്ലോ. ഓരോ മനുഷ്യന്റെയും മനസ്സിലുള്ള നിലപാടുകൾ അനുസരിച്ചാണ് അവൻ പ്രവർത്തിക്കുന്നതും വിശ്വസിക്കുന്നതുമൊക്കെ. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയം നിങ്ങൾ യഥാർത്ഥ ആരാധ്യനായ അള്ളാഹുവിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് ശരിയായ ധാർമികമായ ജീവിതം നിങ്ങൾക്ക് നയിക്കാൻ കഴിയുക എന്നതാണ്. അതോടൊപ്പം തന്നെ മരണാനന്തരം ഒരു ജീവിതം ഉണ്ട് എന്നും ഈ ലോക ജീവിതത്തിലെ കണക്കുകൾ അവിടെ ബോധിപ്പിക്കേണ്ടതുണ്ട് എന്നുമുള്ള ധാരണ മനുഷ്യനിൽ ഉണ്ടാകണം. അത് ഉണ്ടാകുമ്പോൾ മാത്രമാണ് ഗൗരവപരമായ ഒരു ജീവിതത്തെ പറ്റി അവൻ ചിന്തിക്കുക. അല്ലെങ്കില്‍ അവന്‍ ചിന്തിക്കുക ‘ഞാൻ എന്തിന് ഒരു പ്രവാചകനെ അനുസരിച്ച് ജീവിക്കണം? എനിക്ക് എന്റെ ഇഷ്ടം പോലെ ജീവിച്ചാൽ മതിയല്ലോ? പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ ജീവിച്ച ഒരു വ്യക്തിയെ ഞാനെന്തിന് ചാണിനു ചാണായും മുഴത്തിനു മുഴമായും അനുസരിക്കണം? എന്നിങ്ങനെയുള്ള ചിന്തകൾ ആയിരിക്കും ആളുകളിൽ ഉണ്ടാവുക. എന്നാൽ അല്ലാഹുവാണ് ആ റസൂലിനെ റസൂലായി അയച്ചതെന്നും മരണാനന്തരം ഒരു ജീവിതമുണ്ടെന്നും അവിടെ കർമ്മങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നും അവിടെ എന്റെ കർമ്മങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമായിരിക്കണമെന്നും ആഗ്രഹിക്കുന്നവർക്ക് മാത്രമേ പ്രവാചകനെ മാതൃകയാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അല്ലാഹു സുബ്ഹാനഹു തആല അവിടെ പ്രത്യേകം ഈ കാര്യം എടുത്തു പറഞ്ഞത്.
‘അല്ലാഹുവിനെ ധാരാളമായി ഓർക്കുന്നവര്‍ക്കും പ്രവാചകനില്‍ മാതൃകയുണ്ട്’ എന്ന വാക്യവും ശ്രദ്ധേയം തന്നെ. കാരണം അല്ലാഹുവിനെ അറിയുന്നവര്‍ക്കും അവനെ ഇഷ്ടപ്പെടുന്നവര്‍ക്കും മാത്രമേ പ്രവാചകന്മാരുടെ മഹത്വവും അവരെ പിന്തുടരേണ്ടുന്നതിന്റെ പ്രാധാന്യവും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ നമ്മൾ ആരും കണ്ടിട്ടില്ല. അവന്റെ ഇഷ്ടങ്ങൾ നമുക്കാർക്കും സ്വന്തം നിലക്ക് അറിയുക സാധ്യവുമല്ല. പരലോകം എന്ന ഒരു ലോകത്തെ കുറിച്ച് നാം കേട്ടിട്ടേയുള്ളൂ. ആ ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ചോ വരാനിരിക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ചോ നമുക്കറിയില്ല. അപ്പോൾ പിന്നെ നമുക്ക് അവലംബിക്കാവുന്ന ഒരു പ്രമാണം ഉണ്ടെങ്കിൽ മാത്രമേ മരണാനന്തര ജീവിതത്തിലേക്ക് ഒരുങ്ങുക സാധ്യമുള്ളൂ. അപ്രകാരം മരണാന്തര ജീവിതത്തില്‍ നമുക്ക് വിജയിക്കാനായി അവലംബിക്കാവുന്ന പ്രമാനവുമായിട്ടാണ് മഹാനായ മുഹമ്മദ് നബി (സ) വന്നിട്ടുള്ളത്. ജീവിത വിജയം ആഗ്രഹിക്കുന്നവര്‍ ആ പ്രവാചകനെ അനുധാവനം ചെയ്തേ മതിയാവൂ.
“പറയുക: 'നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല.(24:54)”
സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.