മതങ്ങൾ ദർശനങ്ങൾ
-
Nov 04,2020
-
by സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
മതത്തെ തമാശയാക്കുന്നവരോട്
ചുറ്റുപാടുകളിലേക്ക് നോക്കിയാൽ നമുക്ക് കാണാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒരുപാട് മതങ്ങൾ, ഒരുപാട് ദർശനങ്ങൾ ഒരുപാട് ദൈവങ്ങൾ, വിചിത്രങ്ങളായ ദൈവസങ്കൽപ്പങ്ങൾ, വിചിത്രങ്ങളായ മത ആചാരങ്ങൾ എന്നിവയാണവ. ഒരു വേള നാം ചിന്തിക്കുക, പ്രപഞ്ചത്തിന് പിന്നിൽ ഒറ്റ സത്യമമേയുള്ളൂ എങ്കിൽ ഈയൊരു വൈവിധ്യത്തിന് വല്ല പ്രസക്തിയുമുണ്ടോ?. മതം മുന്നോട്ട് വെയ്ക്കുന്ന അടിസ്ഥാനപരമായ ആശയം ശരിയാണെങ്കിൽ ഈയൊരു വിചിത്രങ്ങളായ, വിത്യസ്തങ്ങളായ, പരസ്പരം ഏറ്റുമുട്ടുന്ന രൂപത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടാകുമോ?
മതത്തെ ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത് ഇവിടെയാണ്. ഗൗരവപരമായ ഒരു ചർച്ചയും പലപ്പോഴും മതത്തിന്റെ പേരിൽ ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും ആളുകൾക്ക് മതം എന്നത് കളിയും തമാശയും മാത്രമാണ്. മതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അല്ലെങ്കില്‍ മതത്തോടുള്ള കാഴ്ച്ചപാടുകൾ അവതരിപ്പിക്കുമ്പോള്‍ മതത്തോടുള്ള മനുഷ്യന്റെ ഗൗരവമില്ലാത്ത ഈയൊരു സമീപനം നമുക്ക് കാണാൻ സാധിക്കും. മതങ്ങളെയും മതദർശനങ്ങളെയും മനുഷ്യന്റെ ചില വൈകാരിക ഭാഗങ്ങളായി തള്ളുകയും ഓരോരുത്തരും തോന്നിയതുപോലെ വിശ്വസിക്കട്ടെ, ആചരിക്കട്ടെ എന്നു പറഞ്ഞു കൊണ്ടുള്ള ഒരു അഴകൊഴമ്പൻ സമീപനം ആളുകൾ സ്വീകരിക്കുകയും ചെയ്യുന്നത് സര്‍വസാധാരണമായിരിക്കുന്നു. മാത്രമല്ല പലരും ഞങ്ങൾ ഇന്ന മതവിശ്വാസത്തിന്റെ ആളുകളാണ് എന്ന് പറയാറുണ്ടെങ്കിലും ആ മതത്തിന്റെ ദർശനമോ അതിന്റെ വേദഗ്രന്ഥമോ അതിന്റെ ആശയമോ അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ ആകാറില്ല .
ഇവിടെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഒരു വലിയ ആശയമുണ്ട്. പരിശുദ്ധ ഖുർആൻ നമുക്ക് മുന്നിൽ വെക്കുന്ന വലിയൊരു പാഠമാണത്. മതത്തെ നിങ്ങൾ കളിയും തമാശയും ആയി എടുക്കരുത് എന്നതാണ് അത്. ആത്മാവ് സത്യമാണെങ്കിൽ, മതം സത്യമാണെങ്കിൽ, ദൈവം സത്യമാണെങ്കില്‍, ജീവിതം സത്യമാണെങ്കിൽ, മരണാനന്തര ജീവിതം സത്യമാണെങ്കിൽ നമുക്ക് അതിനെ കളിതമാശയായി കാണുക ഒരിക്കലും സാധ്യമല്ല. താഴെ പറയുന്ന ഖുര്‍ആനിക വചനം ശ്രദ്ധിക്കുക.
“ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ട വരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍” (5:60)
ഇവിടെ ഗൗരവമുള്ള ഒരു ചിന്തയാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. മതത്തെ കളിയും തമാശയുമായി കരുതാൻ പാടില്ല. അത്തരം ആളുകളെ മിത്രങ്ങളാക്കി വെക്കുന്നത് പോലും നല്ലതല്ലെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പക്ഷെ ഇന്നത്തെ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകള്‍ ഒരല്‍പ്പം ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന കാര്യം മതം എന്നത് പലർക്കും അവരുടെ രാഷ്ട്രീയമായ താല്പര്യങ്ങളെ മുതലെടുക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ്എന്നതാണ്. വേറെ ചില ആളുകൾക്ക് അവരുടെ സാമൂഹികമായ ചില വിഷയങ്ങൾ നിലനിർത്താനാവശ്യമായ ഒരു മാധ്യമമാണ് മതം. ചില ആളുകൾക്ക് പണം സമ്പാദിക്കാനും ഈ ലോകത്ത് വലിയ ആളുകൾ ആയിത്തീരാനും ഈ ലോകത്തിലുള്ള സുഖസൗകര്യങ്ങൾ നേടിയടുക്കാനുള്ള ഒരു മറയാണ് മതം. ഇങ്ങനെ മതത്തെ പല താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ആളുകളെ നമുക്ക് കാണാൻ സാധിക്കുന്നു. ചിലയാളുകള്‍ക്ക് മതമെന്നത് അവരുടെ ബൗദ്ധികമായ വ്യായാമത്തിനുള്ള ഉപാദി മാത്രമാണ്. അനാവശ്യമായ ചർച്ചകൾക്ക് വിധേയമാക്കി തങ്ങളുടെ കഴിവുകളും സമര്‍ത്ഥനശേഷിയും തെളിയിക്കാൻ വേണ്ടി അവര്‍ മതത്തെ ഉപയോഗപ്പെടുത്തുന്നു.
“തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്‌തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക. 6:70”
ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാൽ വഞ്ചിക്കപ്പെട്ട ആളുകളാണ് മതത്തെ ഭൗതിക താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുക. മതവിശ്വാസമെന്നത് കളി തമാശയുടെ ലോകമല്ല. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെങ്കിൽ ആ സ്രഷ്ടാവിനെ ആരാധിക്കുക എന്നത് ഒരു തമാശയായി കാണേണ്ടുന്ന കാര്യമാണോ? മരണാനന്തരം ഒരു ജീവിതമുണ്ടെങ്കിൽ ആ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെ ഗൗരവമില്ലാത്ത ചില നേരം പോക്കുകളായി നാം കണ്ടാൽ മതിയോ? വേദ ഗ്രന്ഥങ്ങൾ സത്യമാണെങ്കിൽ ആ വേദഗ്രന്ഥത്തിലെ ആശയത്തെ നാം പഠിക്കേണ്ടതില്ലേ? പ്രവാചകൻമാർ സത്യമാണേങ്കിൽ ആ പ്രവാചകൻമാരുടെ വാക്കുകൾക്ക് നാം കാതോർക്കേണ്ടതില്ലേ? പക്ഷേ പലപ്പോഴും ആത്മാവ് നഷ്ടപ്പട്ട , ഗൗരവം നഷ്ടപ്പെട്ട കേവല അന്തിച്ചർച്ചകളായി മതവിഷയങ്ങള്‍ മാറുമ്പോൾ യഥാർത്ഥത്തിൽ നഷ്ടം സംഭവിക്കുന്നത് മാനവ സമൂഹത്തിന് തന്നെയാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.