ലേഖനങ്ങൾ
-
Nov 07,2020
-
by സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
മനുഷ്യരെല്ലാം സഹോദരന്മാർ
മാനവ ചരിത്രം എടുത്തു പരിശോധിച്ചു നോക്കിയാൽ മനുഷ്യർ തമ്മിൽ വലിയ യുദ്ധങ്ങളും സംഘട്ടനങ്ങളും മറ്റ് ഒട്ടനവധി പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുള്ളതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അത് പച്ചയായ ഒരു യാഥാര്‍ത്യവുമാണ്. എന്തിന്റെ പേരിലാണ് ഇതെല്ലാം യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കുമ്പോൾ, ചരിത്രത്തെ വസ്തുനിഷ്ഠമായി പഠനവിധേയമാക്കിയാൽ നമുക്ക് കാണാൻ സാധിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതെല്ലാം, അല്ലെങ്കില്‍ അവയില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ പേരിൽ, അല്ലെങ്കില്‍ നിറത്തിന്റെ, അല്ലെങ്കില്‍ സൗന്ദര്യത്തിന്റെ, അല്ലെങ്കില്‍ ഭാഷയുടെ, അല്ലെങ്കില്‍ തറവാടിന്റെ പേരിൽ ഉണ്ടായിട്ടുള്ളതാണ് എന്നതാണ് ആ യാഥാര്‍ത്ഥ്യം. മനുഷ്യര്‍ വ്യത്യസ്തങ്ങളായ കാരണങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്ന, കലഹിക്കുന്ന, വിവേചനം കാണിക്കുന്ന, വെറുപ്പും വിദ്വേഷവും കാണിക്കുന്ന അവസ്ഥ നാം കാണുന്നു. അവയുടെ എല്ലാം പേരിൽ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും വരെ നടക്കുന്ന സാഹചര്യം മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ടാണ് മനുഷ്യൻ ഇങ്ങനെ രാജ്യത്തിന്റെയും ഭാഷയുടേയും നിറത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നത്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യജീവിതത്തെ സംബന്ധിച്ചും മനുഷ്യനെ സംബന്ധിച്ചുമുളള അറിവില്ലായ്മയാണ്. എന്നാല്‍ ഈയൊരു മഹാ പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം നിര്‍ദേശിക്കുന്നു വിശുദ്ധ ഖുര്‍ആന്‍.
വിശുദ്ധ ഖുർആനിലെ 49 ആം അദ്ധ്യായം 13 ആം വചനം ശ്രദ്ധിക്കുക.
“അല്ലയോ മനുഷ്യരെ, നിങ്ങളെ എല്ലാവരെയും ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ വ്യത്യസ്ത ജനപദങ്ങളും ഗോത്രങ്ങളുമാക്കി വേര്‍തിരിച്ചിട്ടുള്ളത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും മാന്യൻ നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനെ ഏറ്റവും ഭയപ്പെട്ട് ജീവിക്കുന്നവൻ മാത്രമാകുന്നു.”
അപ്പോൾ വ്യത്യസ്ത രാജ്യക്കാർ, വ്യത്യസ്ത തറവാട്ടുകാർ ഗോത്രങ്ങൾ ഇതെല്ലാം എന്തിനാണ്? രാജ്യത്തിന്റെ പേരിലോ ഭാഷയുടെ പേരിലോ തമ്മിൽ തല്ലാൻ വേണ്ടിയാണോ? അല്ല, ഒരിക്കലുമല്ല. പിന്നെയോ? പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രം. അതിനു വേണ്ടിയാണ് സൃഷ്ടാവായ നാഥൻ അങ്ങനെ ചെയ്തിട്ടുള്ളത്. മാന്യത അവകാശപ്പെടാൻ അർഹതയുള്ളത് അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവര്‍ക്ക് മാത്രമാണ്.
അപ്പോൾ ധാർമിക ജീവിതം നയിക്കുന്നവനാരാണോ അവനാണ് ശ്രേഷ്ഠതയുള്ളത്. അതല്ലാതെ രാജ്യത്തിന്റെയോ ഭാഷയുടെയോ തറവാടിന്റെയോ നിറത്തിന്റെയോ മഹിമ പറഞ്ഞുകൊണ്ട് അതിന്‍റെ പേരിൽ പരസ്പരം തമ്മിൽ തല്ലുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നാണ് ഈ വിശുദ്ധ വേദഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്.
അപ്പോൾ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന അല്ലെങ്കില്‍ പരിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്ന അതിമഹത്തായ ആശയങ്ങളില്‍ ഒന്നാണ് ലോകത്തിലെ സകല മനുഷ്യരും ഒരു ഉപ്പയുടെയും ഒരു ഉമ്മയുടെയും മക്കളാണ് എന്ന കാര്യം. ഹൈന്ദവർക്കും ക്രൈസ്തവര്‍ക്കും മുസ്ലിമീങ്ങള്‍ക്കും വേറെ വേറെ അച്ഛനും അമ്മയും എന്ന സങ്കല്പം ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല. എല്ലാ രാജ്യക്കാരുടെയും എല്ലാ നിറക്കാരുടെയും എല്ലാ തറവാട്ടുകാരുടെയും ഉമ്മയും ഉപ്പയും ഒന്നാണ്. എല്ലാവരും ആ അര്‍ത്ഥത്തില്‍ സഹോദരങ്ങളുമാണ്. അതുകൊണ്ട് ഭാഷയുടെ പേരിലോ നിറത്തിന്റെ പേരിലോ പരസ്പരം അഭിമാനിക്കുന്നതിലോ കലഹിക്കുന്നതിലോ യാതൊരു അർത്ഥവുമില്ല. മഹത്വം യഥാർത്ഥത്തിൽ പരിഗണിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ ധാർമിക ജീവിതം പരിശോധിച്ചു കൊണ്ടാണ്. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മാനവ സാഹോദര്യത്തിന്റെ ഈ മഹത്തായ സന്ദേശം നാം ഉള്‍ക്കൊള്ളുക. അതിലൂടെ കലഹങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.