ലേഖനങ്ങൾ
-
Nov 04,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
മനുഷ്യൻ മൃഗമാകുമ്പോൾ
പരിശുദ്ധ ഖുർആനിലെ 7 ആം അദ്ധ്യായം 129 ആം വചനം ശ്രദ്ധിക്കുക.
“ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നരകത്തിനുവേണ്ടി നാം സൃഷ്‌ടിച്ചുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അവകൊണ്ട് കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അവകൊണ്ട് അവര്‍ കേട്ടറിയുകയില്ല. അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു; എന്നല്ല, (അവയെക്കാള്‍) അധികം വഴി പിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ് അശ്രദ്ധന്‍മാര്‍” (7:129)
ഈ വചനം എന്ത് ആശയമാണ് നമുക്ക് മുന്നിൽ നൽകുന്നതെന്ന് പരിശോധിക്കാം. മനുഷ്യന് ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ചിന്താശേഷിയാണ്. നാം കാണുന്നു, ഇതര ജീവജാലങ്ങളും കാണുന്നു. പക്ഷേ മറ്റു ജീവികൾ കാണുന്നതു പോലെയല്ല നാം കാണുന്നത്. നമ്മുടെ കാഴ്ചക്ക് പ്രത്യേകതയുണ്ട്. കാരണം നാം കണ്ടതിനെ കുറിച്ച് നാം ചിന്തിക്കുന്നവരാണ്. നാം കേൾക്കുന്നു. മറ്റു ജീവജാലങ്ങളും കേൾക്കുന്നു. പക്ഷേ നമ്മുടെ കേൾവിക്ക് പ്രത്യേകതയുണ്ട്. കാരണം നാം കേട്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നു. നമുക്കൊരു ഹൃദയമുണ്ട്. ആ ഹൃദയംകൊണ്ട് കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെ അപഗ്രഥിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യൻ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനായി നിലകൊള്ളുന്നു.
പക്ഷേ മനുഷ്യരെ നാം ശ്രദ്ധിക്കുമ്പോൾ മനുഷ്യൻ മനുഷ്യനായി വേറിട്ടിട്ടുണ്ടോ പലപ്പോഴും എന്നത് ഒരു സംശയമാണ്. മറിച്ച് പലപ്പോഴും മനുഷ്യൻ മൃഗങ്ങളെക്കാൾ മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും. എന്തുകൊണ്ടാണത് സംഭവിക്കുന്നത് എന്ന ഒരു വിഷയത്തെ പഠന വിധേയമാക്കുകയാണ് മേല്‍പറഞ്ഞ ഖുര്‍ആനിക വചനം. മനുഷ്യരിലും ജിന്നുകളിലും പെട്ട വലിയ ഒരു വിഭാഗം ആളുകള്‍ നരകത്തില്‍ പ്രവേശിക്കപ്പെടാനുള്ള കാരണങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.
‘അവർക്കൊക്കെ നാം ഹൃദയങ്ങൾ നൽകി. പക്ഷേ ആ ഹൃദയങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർ ആലോചിക്കുന്നില്ല. അവർക്ക് കണ്ണുകൾ നൽകി. എന്നാൽ ആ കണ്ണുകൾ ഉപയോഗിച്ച് അവർ കാണുന്നില്ല. അവർക്ക് നാം കാതുകളും നൽകി. എന്നാൽ കാതുകൾ ഉപയോഗിച്ച് അവർ കേൾക്കുന്നില്ല’. അതുകൊണ്ടുതന്നെ അവരുടെ അവസ്ഥ എന്താണ്? അവർ കന്നുകാലികളെ പോലെയായി മാറിയിരിക്കുന്നു. മനുഷ്യനെന്ന ഉന്നതമായ അവസ്ഥ വിട്ട് കന്നുകാലികളെപ്പോലെ ആയി മാറി അവര്‍.
അല്ല ; പലപ്പോഴും അവർ കന്നുകാലികളെക്കാൾ മോശമായിരിക്കുന്നു. എന്താണ് കാരണം ? കന്നുകാലികൾക്ക് ചിന്തിക്കാനും ആലോചിക്കുവാനും ഉള്ള കഴിവ് നൽകപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യൻ ഈ കഴിവുകളെല്ലാം നൽകപ്പെട്ടിട്ടും അവൻ യഥാർത്ഥത്തിൽ ഇതൊന്നും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.
കാതുകൾ കൊണ്ട് കേൾക്കേണ്ടത് കേൾക്കാതെയും കണ്ണുകൊണ്ട് കാണേണ്ടത് കാണാതെയുമാണ് അവർ ജീവിക്കുന്നത്. ഹൃദയം കൊണ്ട് ചിന്തിക്കേണ്ടതല്ല അവര്‍ ചിന്തിക്കുന്നതും. അതുകൊണ്ടു തന്നെ അവർ നരകാവകാശികൾ ആയി തീർന്നിരിക്കുന്നു എന്നാണ് ഈ വചനത്തിലൂടെ അല്ലാഹു പറയുന്നത്.
സുഹൃത്തുക്കളെ, മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത് അവന്റെ ചിന്താശേഷിയാണ്. അവന്റെ കണ്ണുകളെയും അവന്റെ കാതുകളെയും ശരിയായ രൂപത്തിൽ അവൻ ഉപയോഗപ്പെടുത്തണം. അവന്റെ ചുറ്റിലും കാണുന്ന മഹാ പ്രതിഭാസങ്ങളെ കുറിച്ച് അവൻ ചിന്തിക്കേണ്ടതുണ്ട്. ദൈവിക വചനങ്ങളും പ്രവാചക സന്ദേശങ്ങളും കേൾക്കുമ്പോൾ അവൻ ചിന്തിക്കേണ്ടതുണ്ട്. എന്നാൽ സത്യത്തെ കണ്ടെത്താനോ സത്യത്തെ കുറിച്ച് കേൾക്കാനോ തയ്യാറാകാതെ കന്നുകാലികളെ പോലെ ജീവിക്കുന്ന അവസ്ഥ നമുക്ക് ഒരിക്കലും ഉണ്ടായിക്കൂടാ. ഒരുപാട് മനുഷ്യന്മാർ, അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം എന്ന് പറഞ്ഞാൽ രാവിലെയാകുന്നു. വൈകുന്നേരമാകുന്നു, വീണ്ടും രാവിലെയാകുന്നു, വൈകുന്നേരമാകുന്നു, ഭക്ഷണം കഴിക്കുന്നു, വസ്ത്രം ധരിക്കുന്നു, ഈ ലോകത്തിന്റെ സുഖ സൗകര്യങ്ങളുടെ പിന്നാലെ പോകുന്നു എന്നല്ലാതെ അതിനപ്പുറത്ത് ജീവിതത്തെ സംബന്ധിച്ച് ഗൗരവപ്പെട്ട ഒരു ചിന്തയേ അവര്‍ക്കില്ല.
എണ്ണമറ്റ നക്ഷത്ര ഗോളങ്ങളെ സംവിധാനിച്ചവൻ ആരാണ്? പൂവിനേയും പൂമ്പാറ്റകളെയും നദികളെയും അരുവികളെയും വലിയ സമുദ്രങ്ങളേയും ഈ ഭൂമിയിൽ സംവിധാനിച്ചവൻ ആരാണ്? ഒന്നുമില്ലായ്മയിൽനിന്ന് തന്നെ ഈ ഭൂമുഖത്ത് കൊണ്ടുവന്നത് ആരാണ്? സൃഷ്ടി പ്രപഞ്ചത്തെ മുഴുവൻ ജോഡികളായി സൃഷ്ടിച്ചവൻ ആരാണ്? നിസ്സാരമായ ഒരു ഇന്ദ്രിയ തുള്ളിയെ മനോഹരമായ ഒരു മനുഷ്യരൂപം ആക്കി കൊണ്ടുവന്നവൻ ആരാണ്? വേദഗ്രന്ഥങ്ങൾ സത്യമാണോ പ്രവാചകന്മാർ പറഞ്ഞതെല്ലാം സത്യമായിരുന്നോ? എന്നിങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ മനുഷ്യന് ചോദിക്കാനുണ്ട്. എന്താണ് ആത്മാവ്? എന്താണ് ജീവൻ? ആരാണ് ജീവൻ നൽകുന്നത്? എന്തുകൊണ്ട് മരണം സംഭവിക്കുന്നു? ആരാണ് നമ്മെ മരിപ്പിക്കുന്നത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ചത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ മരിപ്പിക്കുന്നത്? മഴ വർഷിപ്പിക്കുന്നതും സസ്യലതാദികൾ മുളപ്പിക്കുന്നതും കാർമേഘങ്ങളെ നിയന്ത്രിക്കുന്നതും സൂര്യനെയും ചന്ദ്രനെയും നിലാവുകളെയും നിയന്ത്രിക്കുന്നതും ആരാണ് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾ മനുഷ്യനു ചോദിക്കാനുണ്ട്. എന്നാൽ അത്തരം ചോദ്യങ്ങൾ ചോദിക്കുവാൻ അവൻ തയ്യാറാകുന്നില്ല. കന്നുകാലികളെപ്പോലെ അവർ ജീവിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ അനന്തരഫലം എന്താണ് നരകമല്ലാതെ?
മരണാനന്തര ജീവിതത്തില്‍ സത്യനിഷേധികളുടെ വിലാപം ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വരച്ച് കാണിക്കുന്നുണ്ട്.
“അവര്‍ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും നരകാവകാശികളില്‍ ഉള്‍പ്പെടുമായിരുന്നില്ല”( അല്‍ മുല്‍ക്ക്: 10 )
അതുകൊണ്ട് അല്ലാഹു നമുക്ക് നൽകിയ കണ്ണിനെയും കാതിനെയും ചിന്താശേഷിയേയും യഥാവിധി ഉപയോഗപ്പെടുത്തി മനുഷ്യനായി ജീവിച്ച് വിജയം വരിക്കണം എന്ന ഖുര്‍ആനിക ആഹ്വാനം നാം സ്വീകരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.