ad

മതങ്ങൾ ദർശനങ്ങൾ

ഇസ്‌ലാം മുസ്ലിമീങ്ങളുടേത് മാത്രമോ?

 

വിശുദ്ധ ഖുർആനിലെ അവസാനത്തെ അദ്ധ്യായമായ സൂറത്തുന്നാസ്സിൽ അല്ലാഹു പറയുന്നു:

"പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു."
"മനുഷ്യരുടെ രാജാവിനോട്."
"മനുഷ്യരുടെ ദൈവത്തോട്."(114: 1-3)

ഈ വചനങ്ങളിലൂടെ കടന്നു പോയാൽ നാം കാണുന്ന ഒരു അത്ഭുത ആശയമുണ്ട്. രക്ഷിതാവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രക്ഷിതാവ് എന്നും, രാജോവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രാജാവ് എന്നും ദൈവത്തോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ ദൈവത്തിനോട് എന്നും പറയുന്നതായി കാണാം. ഭൂമിയിലെ ഏതെങ്കിലും ജനവിഭാഗത്തെയോ നാടിനേയോ സൂചിപ്പിക്കാതെ ഭൂമുഖത്തുള്ള മുഴുവൻ മനുഷ്യരേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ആ പദ പ്രയോഗം എത്ര മാത്രം ശ്രദ്ധേയമാണ്. ഖുർആൻ മാനവർക്കു മുന്നിൽ സമര്‍പ്പിക്കുന്ന മഹത്തായ സന്ദേശമാണ് ഇത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന ആരാധ്യൻ മനുഷ്യരുടെ രക്ഷിതാവും രാജാവും ദൈവവുമായ അല്ലാഹുവാണ്.

ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറത്തുൽ ബഖറയിലെ 185 ആം വചനത്തിൽ അല്ലാഹു പറയുന്നു:

"ജനങ്ങള്‍ക്ക്  മാര്‍ഗ്ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍ തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍  അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍"

ഇവിടെ ദൈവീക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ മുസ്ലിമീങ്ങൾക്കോ അറബികൾക്കോ മാർഗദർശനമാണ് എന്നല്ല മറിച്ച് ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും മാർഗദർശനമാണ് എന്നാണ് അല്ലാഹു പറയുന്നത്. വിശുദ്ധ ഖുർആനിലെ 7 ആം അദ്ധ്യായം  സൂറത്തു അ'അറാഫിലെ 158 ആം വചനത്തിൽ അല്ലാഹു പറയുന്നു:

"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു."

അഥവാ മഹാനായ പ്രവാചകൻ മുഹമ്മദ് നബി[സ] മുഴുവൻ മനുഷ്യരിലേക്കുമുള്ള ദൂതനാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലേക്കോ സമൂഹത്തിലേക്കോ മാത്രമുള്ള പ്രവാചകനല്ല എന്നതാണ് ഈ വചനം പഠിപ്പിക്കുന്നത്. 

വിശുദ്ധ ഖുർആനിലെ മേല്‍പറഞ്ഞ മൂന്ന് വചനങ്ങളിലൂടെ കടന്നു പോയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. ഇതര മത വിഭാഗങ്ങൾക്ക് ആരാധ്യന്മാരുള്ളത് പോലെ മുസ്ലിമീങ്ങളുടെ ആരാധ്യൻ മാത്രമാണ് അല്ലാഹു എന്ന് വല്ല മുസ്ലിമീങ്ങളും കരുതുന്നുവെങ്കില്‍ ആ ധാരണ തെറ്റാണ് എന്ന കാര്യമാണത്. അതു പോലെ അല്ലാഹു എന്നാൽ മുസ്ലിമീങ്ങൾക്ക് മാത്രം പ്രാർത്ഥിക്കാൻ ഉള്ള ദൈവം എന്ന അമുസ്ലിം സഹോദരങ്ങളുടെ ധാരണയേയും ഈ വചനങ്ങൾ തിരുത്തുന്നു. ഇസ്ലാം പരിചയപ്പെടുത്തുന്നതാകട്ടെ സകല മനുഷ്യരുടെയും ആരാധ്യനും രക്ഷിതാവും രാജാവുമായ സൃഷ്ടാവിനെയാണ്. ഇത് തന്നെയാണ് വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിന്റെ കാര്യവും. അഥവാ മനുഷ്യരാശിക്കു മുഴുവനും വഴികാട്ടിയായാണ് ഖുർആനിന്റെ അവതരണം. നമ്മെ സൃഷ്ടിച്ച നാഥൻ നമുക്കെല്ലാവർക്കും പഠിച്ചു മനസിലാക്കി സത്യം കണ്ടെത്താൻ അവതരിപ്പിച്ച വേദഗ്രന്ഥം. മുഹമ്മദ്‌ നബിയും അങ്ങനെ തന്നെ. അദ്ദേഹം സകല മനുഷ്യരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണ്‌.

അത് കൊണ്ട് തന്നെ പ്രിയപ്പെട്ട അമുസ്ലിം സഹോദരങ്ങളെ, ഈ വേദഗ്രന്ഥത്തെ നിങ്ങൾ അവഗണിക്കരുത്. കാരണം ഖുർആൻ സ്വയം പ്രഖ്യാപിക്കുന്നത് തന്നെ ഈ ഗ്രന്ഥം മുഴുവൻ മനുഷ്യർക്ക് വേണ്ടിയും എന്നാണ്. അല്ലാഹുവിന്റെയും തിരുദൂതരുടെയും പ്രഖ്യാപനവും അത് തന്നെയായിരുന്നു. മുഹമ്മദ് നബി [സ] അറബ് നാട്ടിൽ മുസ്ലിമീങ്ങൾക്കിടയിലേക്ക് വന്ന പ്രവാചകനല്ലേ, ഞങ്ങൾ എന്തിനു അദ്ദേഹത്തെ ശ്രദ്ധിക്കണം എന്ന് ഒരു അമുസ്ലിം സഹോദരനും കരുതാൻ പാടില്ല. മുഹമ്മദ് നബി [സ] ഞങ്ങളുടെ നബിയാണ് അതു കൊണ്ട് ഞങ്ങൾ എന്തിനു അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് പറയണം എന്ന് മുസ്ലിമീങ്ങളും കരുതാൻ പാടുള്ളതല്ല. 

ഇസലാം പരിചയപ്പെത്തുന്ന ദൈവത്തേയും, മുഹമ്മദ് നബി [സ] എന്ന പ്രവാചകനെയും, ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആനിനെയും കുറിച്ച് പഠനം നടത്താൻ നാം തയാറാവുക. അപ്പോൾ സങ്കുചിതത്വങ്ങളിൽ നിന്ന് മാറി നിന്നു കൊണ്ടുള്ള ഒരു ശരിയായ നിലപാടിലേക്കും കാഴ്ചപ്പാടിലേക്കും എത്തുവാൻ നമുക്ക് സാധിക്കും. മതത്തിന്റെയും ദൈവത്തിന്റെയും പ്രവാചകന്മാരുടെയും പേരിലുള്ള കലഹങ്ങൾക്കപ്പുറത്ത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുതിയ വാതുലികൾ തുറക്കാൻ ഇത്തരം പഠനങ്ങൾ നമ്മെ സഹായിക്കും എന്ന യാഥാര്‍ത്ഥ്യം  നാം മനസ്സിലാക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.