ലേഖനങ്ങൾ
-
Oct 27,2020
-
by സിറാജുൽ ഇസ്ലാം ബാലുശ്ശേരി
എഴുത്തും വായനയും
വിശുദ്ധ ഖുർആൻ നൽകുന്ന പാഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എഴുത്തും വായനയും മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന വിഷയത്തിന്‍റെ പ്രാധാന്യമാണ്. നാമൊക്കെയും എഴുതുന്നവരും വായിക്കുന്നവരുമാണ്. ഏതൊരു വിജ്ഞാനവും കരഗതമാകുന്നത് എഴുത്തിലൂടെയും വായനയിലൂടെയുമാണ്. അത് കൊണ്ട് തന്നെ നാം കേൾക്കുന്ന കാര്യങ്ങൾ നമുക്കും മറ്റുള്ളവർക്കും ഉപകരിക്കുന്ന രൂപത്തിൽ എഴുതി വെക്കാൻ ശീലിക്കേണ്ടതുണ്ട്. മഹാനായ പ്രവാചകൻ [സ] ക്ക് ഏറ്റവും ആദ്യം അവതരിപ്പിക്കപ്പെട്ട അദ്ധ്യായത്തിലെ ആദ്യ വചനങ്ങള്‍ ശ്രദ്ധിക്കൂ..
"(1)സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. (2)മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (3)നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. (4)പേന കൊണ്ട് പഠിപ്പിച്ചവന്‍. (5)മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു."(96:1-5)
വളരെ ശ്രദ്ധേയമായ വാക്കുകളാണിത്. മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നിടത്ത് വായനയെ സംബന്ധിച്ചും എഴുത്തിനെ സംബന്ധിച്ചും അല്ലാഹു സൂചിപ്പിച്ചത് മനുഷ്യൻ യഥാർത്ഥ മനുഷ്യനായി തീരുന്നത് എഴുത്തും വായനയും ഉണ്ടാകുമ്പോഴാണ് എന്ന കാര്യം നമ്മെ ബോധ്യപ്പെടുത്താനാണ്. ഖുർആനിലെ ഒരു അധ്യായത്തിന്റെ പേര് തന്നെ "ഖലം" അഥവാ പേന എന്നാണ്(68:1). അധ്യായത്തിന്റെ തുടക്കത്തിൽ അല്ലാഹു പേനയെ കൊണ്ട് സത്യം ചെയ്തു പറയുന്നു. അതിൽ നിന്നും നമുക്ക് എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളിലെ ആദ്യ സൃഷ്ടിയും പേനയാണ്. തുടർന്ന് അല്ലാഹു ആ പേനയോട് ആവശ്യപ്പെട്ടതാകട്ടെ എഴുതാനായിരുന്നു. അത് കൊണ്ട് തന്നെ ലോകത്തു ആദ്യം നടന്ന പ്രവര്‍ത്തി എഴുത്തായിരുന്നുഎന്ന് പറയാം. എഴുത്തിന്റേയും വായനയുടേയും പ്രാധാന്യം നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ് ഈ തെളിവുകള്‍.
അതിനാൽ നാം കേൾക്കുന്നതും അറിയുന്നതുമായ കാര്യങ്ങൾ എഴുതി വെക്കുക. ഒരു പേനയും കടലാസും കയ്യിൽ കരുതുക. ഇനി കേൾക്കുന്ന സന്ദർഭത്തിൽ എഴുതാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഓർമ്മയിൽ നിന്നെങ്കിലും എഴുതി സൂക്ഷിക്കുക. എഴുത്തും വായനയും ജീവിതത്തിൽ നിന്നും ഒരിക്കലും മാറ്റി നിർത്താൻ നമുക്ക് പാടുള്ളതല്ല. വിജ്ഞാനം ശേഖരിക്കപ്പെടുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും യഥാര്‍ത്ഥത്തില്‍ എഴുത്തിലൂടെയും വായനയിലൂടെയുമാണ്. അതിലൂടെയാണ് മനുഷ്യൻ മനുഷ്യനായി തീരുന്നത്.
സ്വഹാബികളിൽ ഏറ്റവും പ്രധാനിയാണ് അബൂഹുറൈറ [റ]. ധാരാളം ഹദീസുകൾ അദ്ദേഹത്തിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം പറഞ്ഞു: "എന്നെക്കാൾ കൂടുതൽ ഹദീസുകൾ പ്രവാചകനിൽ നിന്നും ഉദ്ധരിച്ച സ്വഹാബിമാർ ഉണ്ടായിട്ടില്ല, അബ്ദുല്ലാഹ് ഇബ്നു അംറുബിനുൽ ആസ് [റ] ഒഴികെ" കാരണം അദ്ദേഹം എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. ഞാൻ എഴുതി വെക്കാറുമില്ലായിരുന്നു."
അപ്പോൾ എഴുതി വെക്കുന്നവരുടെ അടുക്കലാണ് ധാരാളം വിജ്ഞാനമുണ്ടാകുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ മുഹമ്മദ് നബി [സ] നിരക്ഷരനായിരുന്നു. അതിനൊരു കാരണമുണ്ട്. പ്രവാചകന് എഴുത്തും വായനയും അറിയുമായിരുന്നെങ്കിൽ ഖുർആൻ അദ്ദേഹം എവിടെ നിന്നോ കേട്ടു എഴുതിയതാണ് എന്ന് ആളുകൾ സംശയിക്കുമായിരുന്നു.
അല്ലാഹു പറയുന്നു: "ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു."[29 : 48 ]
എന്നാൽ അതേ പ്രവാചകൻ തന്നെ മറ്റുള്ളവരെ എഴുത്തും വായനയും പഠിക്കാൻ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ വിശുദ്ധ ഖുർആൻ മാനവരാശിക്ക് നൽകിയ വലിയ പാഠങ്ങളിൽ ഒന്ന് സൃഷ്ടിച്ച അല്ലാഹുവിന്റെ നാമത്തിൽ വായിക്കുകയും അത്യുദാരനായ അവന്റെ നാമത്തിൽ എഴുതുകയും ചെയ്യുക എന്നതാണ്. അങ്ങനെ എഴുത്തിലൂടെയും വായനയിലൂടെയും യഥാർത്ഥ മനുഷ്യരായി നാം മാറുക. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.