ad

കുടുംബം

അവഗണിക്കപ്പെടുന്ന മാതാപിതാക്കൾ

 

ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ഒരു പ്രതിസദ്ധിയുണ്ട്. അതിനു പരിഹാരം തേടല്‍ അനിവാര്യവുമാണ്‌. പക്ഷെ അതിനുള്ള പരിഹാരം ആധികാരികമായി എവിടെ നിന്ന് ലഭിക്കും? എന്താണ് ആ പ്രശ്നമെന്നും അതിനുള്ള പരിഹാരം എവിടെയാണ്‌ ഉള്ളതെന്നും നമുക്ക് പരിശോദിക്കാം. അവഗണിക്കപ്പെടുന്ന മാതാപിതാക്കൾ എന്നതാണ് നാം അനുഭവിക്കുന്ന ആ വലിയ പ്രശ്നം. നമുക്കറിയാം നമ്മുടെ നാടുകളിൽ വൃദ്ധസദനങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. എന്താണ് ഈ വൃദ്ധസദനങ്ങൾ എന്ന് പറഞ്ഞാൽ, വയസ്സായ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ പാര്‍പ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍. ഉപേക്ഷിക്കപ്പെട്ടവരായി കണ്ടത്തപ്പെടുന്നവരോ  അല്ലെങ്കിൽ മക്കൾ തന്നെ കൊണ്ടുപോയി മാതാപിതാക്കളെ പാര്‍പ്പിക്കുകയോ ചെയ്യുന്ന സ്ഥലങ്ങള്‍ ആണത്.

എന്ത് സന്ദേശമാണ് യഥാർത്ഥത്തിൽ വൃദ്ധസദനങ്ങൾ ലോകത്തിന് നൽകുന്നത്? വൃദ്ധരായ മാതാപിതാക്കൾ പുതുതലമുറയാൽ അവഗണിക്കപ്പെടുന്നു എന്ന ഒരു വലിയ ഭീതി നിറഞ്ഞ സന്ദേശമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ, ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും തെരുവോരങ്ങളിലും അങ്ങാടികളിലും  ഹോസ്പിറ്റലുകളിലും മറ്റു സ്ഥലങ്ങളിലും എല്ലാം മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതായി നിത്യേനെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ആറ്റുനോറ്റു ഗർഭം ധരിച്ച് ഏറെ പ്രയാസം സഹിച്ച് പ്രസവിച്ച്, അതിലേറെ പ്രയാസം സഹിച്ച് മുലയൂട്ടി പോറ്റിവളർത്തിയ പുന്നാര മക്കൾ എന്തുകൊണ്ടാണ് ആ വൃദ്ധയായ ,വയോധികയായ ഉമ്മയെ തള്ളിക്കളഞ്ഞത്.

തന്റെ മകന്റെ ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഒരുക്കാൻ വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനമായി അധ്വാനം ചെയ്ത വൃദ്ധനായ ആ പിതാവിനെ ഉപേക്ഷിക്കാൻ എന്തുകൊണ്ടാണ് മക്കൾ തയ്യാറായത്?. അത് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന യാഥാര്‍ത്ഥ്യം ഇതാണ്. ആരാണ് മാതാപിതാക്കൾ എന്നോ  അവരോടുള്ള കടപ്പാടുകള്‍  എന്താണെന്നോ മനസ്സിലാക്കാത്ത ഒരു സമൂഹം വളർന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങൾക്കൊക്കെ ഉള്ള സുവ്യക്തവും ശക്തവുമായ  പരിഹാരം വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും.

പരിശുദ്ധ ഖുർആനിലെ 17 ആം അദ്ധ്യായം 23 ആം വചനം ശ്രദ്ധിക്കുക.

“(23) നിന്‍റെ റബ്ബ്‌ തീരുമാനിച്ചു കല്‍പിച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്‌; മാതാപിതാക്കളില്‍ നന്മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്നപക്ഷം, അവരോട്‌ "ഛേ" എന്ന്‌ നീ പറയരുത്‌; അവരോട്‌ കയര്‍ക്കുകയും ചെയ്യരുത്‌; അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുകയും ചെയ്യുക.

(24) കാരുണ്യം നിമിത്തം എളിമയുടെ ചിറക്‌ അവര്‍ക്ക്‌ താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: `റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ പരിപാലിച്ചു വളര്‍ത്തിയത്‌പോലെ നീ അവരോട്‌ കരുണ ചെയ്യേണമേ!' എന്ന്‌.”

ഹാ... എത്ര മഹത്തായ സന്ദേശം...! എത്ര മഹത്തരമായ പാഠങ്ങളാണ് ഈ മഹത്തായ വേദഗ്രന്ഥം നമ്മുടെ മുന്നിൽ സമർപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ  പ്രശ്നങ്ങൾക്കുള്ള പരിഹാരം തീർച്ചയായും ഈ വചനങ്ങളിൽ ഉണ്ട്. ഈ വചനം പറയുന്നത് നിനക്ക് ഒരു രക്ഷിതാവ് ഉണ്ട് എന്നാണ്. ആരാധ്യനായ ഒരു സൃഷ്ടാവ്  ഉണ്ടെന്നുള്ള ബോധമാണ് ആദ്യം നൽകുന്നത്. അങ്ങനെയൊരു ദൈവത്തെക്കുറിച്ചുള്ള ചിന്ത ഇല്ലാത്തവനു മാതാപിതാക്കളെ സ്നേഹിക്കാൻ കഴിയില്ല. തന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന  ഒരു രക്ഷിതാവിൽ  വിശ്വാസമില്ലാത്തവന് ധാർമികതയെ കുറിച്ച് ചിന്തിക്കേണ്ട എന്തെങ്കിലും ആവശ്യവും ഉണ്ടോ?

എത്ര കഷ്ടപ്പെട്ടാണ്, എത്ര പ്രയാസപ്പെട്ടാണ് എത്ര കണ്ണുനീർ കുടിച്ചാണ് അവർ നിങ്ങളെ പോറ്റിവളർത്തിയിട്ടുള്ളത്. പ്രിയപ്പെട്ട മക്കളെ നിങ്ങളുടെ മനസ്സിൽ നിന്ന് ആ ചിന്തകൾ മാഞ്ഞുപോവാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഛേ എന്ന ഒരു വാക്കുപോലും നിങ്ങൾ അവരോട് പറയരുത്. അവർ വൃദ്ധരായി നിങ്ങളുടെ അടുക്കൽ ഉണ്ടാകുമ്പോൾ  അവർ ഒരു ഭാരമായി നിങ്ങൾക്കോ നിങ്ങളുടെ ഭാര്യമാർക്കോ മക്കൾക്കോ തോന്നരുത്. അതുകൊണ്ട് തന്നെ വളരെ മാന്യമായി നിങ്ങള്‍ അവരോട് സംസാരിക്കണം. ഒരു കാരണവശാലും നിങ്ങളവരെ കൈയ്യൊഴിയാൻ പാടില്ല. അവരുടെ മനസ്സിനു വെറുപ്പ് തോന്നുന്ന ഒരു വാക്കുപോലും നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ എല്ലാ പ്രയാസങ്ങളിൽ നിന്നും  സംരക്ഷിക്കാൻ വേണ്ടി തന്റെ ചിറകുകളിൽ ഒളിപ്പിക്കുന്നത് പോലെ   നിങ്ങളുടെ മാതാപിതാക്കളെ നിങ്ങളോട് ചേർത്തുപിടിക്കുക. എന്നിട്ട് സർവശക്തനായ നാഥനോട് ഹൃദയം തുറന്നു അവര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുക. “ഞങ്ങളുടെ മാതാപിതാക്കളോട് നാഥാ നീ കാരുണ്യം കാണിക്കേണമേ! ഏറെ കാരുണ്യത്തോടെയാണ് ഇവർ ഞങ്ങളെ പോറ്റിവളർത്തിയിട്ടുള്ളത്” എന്ന്. 

മാതാപിതാക്കൾ തങ്ങളെ പോറ്റിവളർത്തിയിട്ടുള്ള ആ കാരുണ്യത്തിന്റെ അളവ് തിരിച്ചറിയുന്നവന് മാത്രമേ ഇങ്ങനെ പ്രാർത്ഥിക്കാൻ കഴിയൂ. ശരിയായ ഒരു  ആദർശത്തിന്റെ പിൻബലം ഉള്ളവന് മാത്രമേ ഈയൊരു നിലപാടും സ്വീകരിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ  വിശുദ്ധ ഖുർആനിലെ ഈ ഒരു പാഠം ഉൾക്കൊണ്ട് കൊണ്ടും പ്രചരിപ്പിച്ചു കൊണ്ടും നല്ലൊരു സമൂഹമായി നമ്മൾ മാറുക. നാഥന്‍ അനുഗ്രഹിക്കട്ടെ.