ad

അഖീദ

അല്ലാഹു എല്ലാവരുടെയും ആരാധ്യൻ

 

വിശുദ്ധ ഖുർആനിൽ രണ്ടാം അധ്യായം സൂറത്തുൽ ബഖറയിൽ അല്ലാഹു പറയുന്നു:

"(21)ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്."
(22)നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്." (2:21,22)

സഹോദരങ്ങളെ ഒരുപാട് ഗുണ പാഠങ്ങൾ ഉൾകൊള്ളുന്ന രണ്ടു വചനകളാണിത്. ഒന്നാമതായി മുഴുവൻ മനുഷ്യരും ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യേണ്ടുന്ന തത്വങ്ങളും പാഠങ്ങളുമാണ് ആദ്യ വചനം പഠിപ്പിക്കുന്നത്. മനുഷ്യൻ ആരാധിക്കേണ്ടത് മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവത്തെയാണ് എന്ന മഹാ തത്വം.

അങ്ങനെ പറയാനുള്ള കാരണം, പലപ്പോഴും മനുഷ്യൻ ആരാധിക്കുന്നത് അവൻ തന്നെ സ്വയം സങ്കല്‍പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ആരാധനാ മൂർത്തികളെയാണ്. ഏതെങ്കിലും ഒരു മത വിശ്വാസി തന്റെ ദൈവത്തെ ആരാധിക്കണം എന്ന് പറഞ്ഞാൽ മറ്റുള്ളവർ അതിനു തയ്യാറാവുകയില്ല. മാത്രമല്ല അവിടെ സങ്കുചിതത്വ ചിന്താഗതികളും പ്രയാസങ്ങളുമായിരിക്കും കടന്നു വരിക. എന്നാൽ ഇത്തരം പ്രതിസന്ധികൾക്കപ്പുറത്ത് എലാ നിലക്കും മനുഷ്യന് സമാധാനവും ശാന്തിയും നൽകുന്ന ദൈവ വിശ്വാസമാണ് ഇസ്ലാം മനുഷ്യരുടെ മുന്നിൽ പരിചയപ്പെടുത്തുന്നത്.

ക്രൈസ്തവരുടെ ദൈവത്തെ മുസ്ലിമീങ്ങളോ മുസ്ലിമീങ്ങളുടെ ദൈവത്തെ ക്രൈസ്തവരോ ഹൈന്ദവരുടെ ദൈവത്തെ ഇതര മതസ്ഥരോ ആരാധിക്കണം എന്നില്ല. അതൊട്ട്‌ സാധ്യവുമല്ല. എന്നാല്‍ ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യരേ, നിങ്ങൾ നിങ്ങളേയും നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയ ജനവിഭാഗങ്ങളെയും ആകാശ ഭൂമികളെയും സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തെ ആരാധിക്കണം എന്നാണ്.  എല്ലാ സങ്കുചിതത്വങ്ങളും ഇതോടു കൂടി ഇല്ലാതാവുകയാണ്. മതങ്ങളുടേയും നാടിന്റേയും ഗോത്രവിഭാഗങ്ങളുടേയും പേരില്‍ ആരാധിക്കപ്പെടുന്ന  വ്യത്യസ്ത  ദൈവങ്ങളുടെ പേരിലുള്ള കലഹങ്ങളും കലാപങ്ങളും ഇല്ലാതെയാക്കി എല്ലാവർക്കും ഒരുപോലെ ഉൾകൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ദൈവീക വിശ്വാസമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 

അല്ലാഹു അറബികളുടെയോ മുസ്ലിമീങ്ങളുടെയോ ദൈവമാണെന്ന് ഖുർആൻ ഒരിടത്തും പരിചയപ്പെടുത്തിന്നില്ലാ എന്നതും ശ്രേദ്ധേയമായ കാര്യമാണ്. മാത്രമല്ല എല്ലാ മനുഷ്യരുടെയും സൃഷ്ടാവായിട്ടാണ് ഈ വചനങ്ങൾ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതും. ഭൂമിയെ വിരിപ്പാക്കുകയും ആകാശത്തെ മേല്‍പുരയാക്കുകയും ,ആകാശത്തു നിന്നും വെള്ളം ചൊരിഞ്ഞു തന്നിട്ട് അതിൽ നിന്നും ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവൻ ആ അല്ലാഹു തന്നെയാണ്. ഈ അനുഗ്രഹങ്ങളാകട്ടെ മുഴുവൻ മനുഷ്യരും ആസ്വദിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അനുഗ്രഹങ്ങളൊക്കെ സംവിധാനിച്ചത് ഒരേയൊരു ദൈവമാണെങ്കിൽ ആ ഏകനായ സൃഷ്ടാവിനെ എല്ലാവരും ആരാധിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്ന മാനവികമായ, വിശാലമായ, സങ്കുചിതത്വങ്ങൾ ഇല്ലാത്ത ഒരു ആദർശമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അത് കൊണ്ട് തന്നെ മതങ്ങളുടെ പേരിലും, രാഷ്ട്രത്തിന്റെ അതിർ വരമ്പുകളുടെ പേരിലും, ഏതെങ്കിലും ജനവിഭാഗങ്ങൾ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിലും ഉണ്ടായി കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും ഈ ആദർശം ഇല്ലാതെയാക്കുന്നു. വിശുദ്ധ ഖുർആൻ മാനവസമൂഹത്തിനു മുന്നിൽ സമർപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണ് എന്ന് നാം മനസ്സിലാക്കുക.

ലോക രക്ഷിതാവ് ആരാണ് എന്ന ഫറോവയുടെ ചോദ്യത്തിന് മൂസാ പ്രവാചകന്‍ നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമാണ്. മൂസാ നബി പറഞ്ഞു: “ലോക രക്ഷിതാവെന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു. നിങ്ങളുടേയും നിങ്ങളുടെ പൂര്‍വ പിതാക്കളുടേയും രക്ഷിതാവും അവന്‍ തന്നെ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും അവന്‍ തന്നെ.” മുന്‍വിധികള്‍ ഇല്ലാതെ ഇസ്‌ലാമിനെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ ഖുര്‍ആനിക വചനങ്ങള്‍ ഉപകാരപ്പെടും തീര്‍ച്ച.